പോലീസ് സ്റ്റേഷനുകളെ ജനസേവകേന്ദ്രങ്ങളാക്കിമാറ്റും ; ഇനി നമസ്കാരം പറയും പോലീസ് സ്റ്റേഷനുകൾ; 'ഗുഡ് മോർണിങ്ങും' 'നമസ്‌കാരവും' നിർബന്ധം

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളെ ജനസേവകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകൾക്കും പുതിയമുഖം നൽകും. സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കണം. ഉദ്യോഗസ്ഥർ പരാതികൾ സമചിത്തതയോടെ കേൾക്കുകയും പരിഹരിക്കുകയും വേണം. സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കണം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കാനും ഡി.ജി.പി.ക്ക് നിർദേശം നൽകി.

സ്റ്റേഷനുകളിൽ എസ്.ഐ., സി.ഐ., ഡി.വൈ.എസ്.പി. എന്നിവരെ പുനഃക്രമീകരിക്കുന്നത് പഠിക്കാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു. പോലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്കരിക്കും.

സേനയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ ഗൗരവമായി കാണും. കീഴ്ജീവനക്കാർക്ക് അനാവശ്യ സമ്മർദമൊഴിവാക്കി ജോലിചെയ്യാൻ സ്വാതന്ത്ര്യം നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികളെ അനുവദിക്കില്ല -മന്ത്രി പറഞ്ഞു.

കുടിയൊഴിപ്പിക്കൽ; പോലീസ് അതിക്രമം ഉണ്ടായില്ല

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ സമ്മർദംമൂലമാണ് നടപടിയുണ്ടായത്. വിഷയത്തിൽ കോടതിയെ സമീപിക്കാൻ എ.ജി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇനി പോലീസിന്റെ ഭാഗത്തുനിന്ന് കുടിയൊഴിപ്പിക്കൽ നടപടികളുണ്ടാകില്ല. മാധ്യമപ്രവർത്തകരുടെപേരിൽ ക്രിമിനൽക്കേസെടുക്കുന്ന രീതി ശരിയല്ലെന്നും പയ്യന്നൂരിലെ മാധ്യമപ്രവർത്തകരുടെപേരിലുള്ള കേസുകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments