ഈ മേഖലകളിലെ ഏകദേശം 2,000 കിലോമീറ്റർ വരുന്ന ഇറാന്റെ തീരപ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഐആർജിസി നേവി അറിയിച്ചു. ഹോർമുസ് കടലിടുക്കിന് ഇറാനിലെ ജനങ്ങളുടെ ഉപജീവനത്തിന്റെയും കരുത്തിന്റെയും സ്രോതസായി മാറ്റുമെന്നും മേഖലയുടെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുമെന്നും വെള്ളിയാഴ്ച ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമം ചെയ്തു. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേൽ സഖ്യം ആരംഭിച്ച ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കരാറിൽ എത്താൻ ഇതുവരെ ഇരുരാജ്യങ്ങൾക്കുമായില്ല.
പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം ട്രംപ് വെടിനിർത്തൽ ഏകപക്ഷീയമായി ദീർഘിപ്പിച്ചിരുന്നു. എന്നാൽ ഏപ്രിൽ 13 മുതൽ ഈ ജലപാതയിലൂടെയുള്ള ഇറാന്റെ കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് അമേരിക്കൻ നാവിക സേന ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതിനിടെ അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്റെ കൂറ്റൻ എണ്ണക്കപ്പൽ 'ഹ്യൂജ്' 1.9 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഏഷ്യ പസഫിക് മേഖലയിലെത്തിയതായി ടാങ്കർ ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ നിലവിലെ ഔദ്യോഗിക കണക്കനുസരിച്ച് 52 ഇറാനിയൻ കപ്പലുകൾ യുഎസ് ഉപരോധം ലംഘിച്ചിട്ടുണ്ട്.
0 Comments