തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പി (എൻ.എം.എം.എസ്.ഇ.)ന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടും മാർക്കറിയാനാവാതെ വിദ്യാർഥികൾ. മാനസികശേഷി പരീക്ഷ (മാറ്റ്), സ്കോളർഷിപ്പ് അഭിരുചി പരീക്ഷ (സാറ്റ്) എന്നിങ്ങനെ രണ്ടു പരീക്ഷകളാണുള്ളത്. കഴിഞ്ഞദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ, മാർക്കറിയാനായി ഫലം നോക്കിയ പലർക്കും അതിനു സാധിച്ചില്ല. സാങ്കേതികപ്പിഴവായിരിക്കാം ഇതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
പോർട്ടലിൽ പരിശോധിച്ചപ്പോൾ ചിലർക്ക് മാറ്റിന്റെയും ചിലർക്ക് സാറ്റിന്റെയും മാർക്ക് മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. മാർക്ക് അറിയാനാവാത്ത കോളത്തിൽ ‘അസാധുവായ റോൾ നമ്പർ’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വിദ്യാർഥികൾ പറഞ്ഞു.
പഠിച്ച സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും പരാതിപ്പെട്ടിട്ടും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പലരുടെയും പരാതി. പരീക്ഷാഭവൻ മുൻകൈയെടുത്തു നടത്തിയ പരീക്ഷയായതിനാൽ, ഫലത്തെക്കുറിച്ചോ പ്രശ്നപരിഹാരത്തെക്കുറിച്ചോ സ്കൂളുകൾക്കും വലിയ പിടിയില്ല.
അതേസമയം, ഓരോ വിദ്യാർഥിക്കും പരീക്ഷയ്ക്ക് രണ്ട് ഒ.എം.ആർ. ഉണ്ടായിരുന്നതായും അതിലൊന്ന് അസാധുവായതാവാം പ്രശ്നത്തിനു കാരണമെന്നും പരീക്ഷാഭവൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സാറ്റിന്റേയോ മാറ്റിന്റേയോ മാർക്ക് അറിയാൻ കഴിയാതിരുന്നവർ, ഫലം പ്രസിദ്ധീകരിച്ച https://pareekshabhavan.kerala.gov.in, https://nmmse.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി പരാതിപ്പെട്ടാൽ പ്രശ്നം പരിഹരിക്കാമെന്നും അധികൃതർ അറിയിച്ചു.
എൻ.എം.എം.എസ്.ഇ. സ്കോളർഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനപ്രോത്സാഹനത്തിന് സംസ്ഥാനങ്ങൾ വഴി നൽകുന്ന കേന്ദ്ര സ്കോളർഷിപ്പ്. എട്ടാം ക്ലാസിലുള്ളവർക്കാണ് സ്കോളർഷിപ്പ് പരീക്ഷ
0 Comments