മണലൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉദ്യോഗസ്ഥർ ബോധപൂർവം അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ. കേവലം 126 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ട തനിക്ക് നീതി ലഭിക്കണമെന്നും, എണ്ണാതെ മാറ്റിവെച്ച 184 ഹോം വോട്ടുകൾ ഫലത്തെ നേരിട്ട് ബാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
80 വയസിന് മുകളിൽ പ്രായമുള്ളവർ വീടുകളിൽ ഇരുന്ന് രേഖപ്പെടുത്തിയ 184 ഹോം വോട്ടുകൾ വോട്ടെണ്ണൽ സമയത്ത് ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്ന് പ്രതാപൻ ആരോപിക്കുന്നു. നിയമപ്രകാരം വോട്ട് ചെയ്യിക്കാൻ എത്തുന്ന പോളിങ് ഓഫീസർമാർ ബാലറ്റ് പേപ്പറിൽ അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ 184 വോട്ടുകളുടെ കാര്യത്തിൽ അത്തരമൊരു അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയില്ലെന്നും, ആ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കവർ തുറക്കാതെ ഈ വോട്ടുകൾ മാറ്റിവെക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
മണലൂരിലെ ഹോം വോട്ട് പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതാപൻ വിരൽ ചൂണ്ടുന്നത്. ഈ ഉദ്യോഗസ്ഥർ ചെന്ന എല്ലാ സ്ഥലങ്ങളിലും അറ്റസ്റ്റേഷൻ കൃത്യമായി നടത്താതെ വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം സംശയിക്കുന്നു. മാറ്റിവെക്കപ്പെട്ട ഈ 184 വോട്ടുകളും യുഡിഎഫിന് ലഭിക്കേണ്ടവയാണെന്നും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ വീഴ്ചയാണ് തന്റെ പരാജയത്തിന് കാരണമായതെന്നും പ്രതാപൻ ആവർത്തിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് വേളയിൽ ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകൾ എൽഡിഎഫ് സ്ഥാനാർഥി പ്രഫസർ സി. രവീന്ദ്രനാഥിനെ സഹായിച്ചുവെന്നും പ്രതാപൻ ആരോപിച്ചു. ബിജെപിയുടെ എ പ്ലസ് മണ്ഡലമായിരുന്നിട്ടും അവർക്ക് വോട്ട് വർധിപ്പിക്കാൻ സാധിച്ചില്ലെന്നും, പകരം അവരുടെ വോട്ടുകൾ എൽഡിഎഫിന് മറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ എസ്ഡിപിഐ പ്രതിനിധികളും എൽഡിഎഫും ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ചതായും ബിജെപി ഏജന്റുമാർക്ക് നൽകേണ്ട സ്ലിപ്പുകൾ എൽഡിഎഫ് ഏജന്റുമാർ സ്വീകരിക്കുന്നത് കണ്ടതായും അദ്ദേഹം ആരോപിച്ചു.
ഹോം വോട്ടുകൾ എണ്ണണമെന്ന് ഇന്നലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് തന്നെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. 126 വോട്ടിന് തോറ്റ തനിക്ക് 184 വോട്ടുകൾ എണ്ണാത്തത് വലിയ തിരിച്ചടിയാണെന്ന് പറഞ്ഞ പ്രതാപൻ, തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇന്ന് തന്നെ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും വ്യക്തമാക്കി. തോൽവി സമ്മതിക്കുന്നുണ്ടെങ്കിലും ക്രമക്കേടിനെതിരെ നിയമപോരാട്ടം തുടരുമെന്നാണ് യുഡിഎഫ് നിലപാട്.

0 Comments