ദുബൈ: യുഎഇയിലെ ഫുജൈറയിൽ ഉണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിരുന്നു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുഎഇക്ക് ഇന്ത്യയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച മോദി മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ആഗോള ഊർജ സുരക്ഷയ്ക്കും സമാധാനത്തിനും അത്യാവശ്യമാണെന്ന് മോദി തന്റെ ഔഗ്യോഗിക പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആക്രമണത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തലാക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.
ഇന്നലെ ഇറാൻ തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകളും, 3 ക്രൂയിസ് മിസൈലുകളും, 4 ഡ്രോണുകളും യുഎഇ പ്രതിരോധ സേന തകർത്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് യുഎഇയിൽ ഇറാൻ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരി 28 മുതൽ ഇതുവരെയുള്ള ആക്രമണങ്ങളിൽ വിവിധ രാജ്യക്കാരായ 227 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണങ്ങളിൽ ഇതുവരെ രണ്ട് സൈനികരും ഒരു മൊറോക്കൻ കരാർ ജീവനക്കാരനും ഉൾപ്പെടെ ആകെ 10 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട സിവിലിയന്മാർ. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.

0 Comments