കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കണ്ണൂരിൽ നിന്നുള്ള ഈ ജനവിധി സർക്കാരിന്റെ അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ താക്കീതാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പയ്യന്നൂരിലെ വോട്ടർമാർ നടത്തിയ വിധിയെഴുത്ത് അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്നും, സിപിഎം പ്രതിക്കൂട്ടിലായ ഫണ്ട് വെട്ടിപ്പും ശബരിമല സ്വർണക്കൊള്ളയും ഉയർത്തിക്കാട്ടിയ യഥാർഥ മാർക്സിസ്റ്റുകാരെ പാർട്ടി ക്രൂശിച്ചപ്പോൾ ജനങ്ങൾ അവർക്കൊപ്പം നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച പയ്യന്നൂരിലെ വോട്ടർമാർക്ക് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിലപാടുകൾക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ശുഹൈബ്, ശരത്‌ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി. സ്വതന്ത്ര ഏജൻസികൾ കേസ് അന്വേഷിക്കാതിരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടതികളിൽ പോയി ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത്. മന്ത്രി വീണാ ജോർജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഏറ്റവും ഒടുവിലത്തെ സംഭവമാണെന്നും, ആരോപണങ്ങൾ കള്ളമാണെന്ന് അവർ പറയുന്നുണ്ടെങ്കിലും ജനങ്ങൾ അത് വിശ്വസിച്ചിട്ടില്ലെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ചോദ്യങ്ങൾക്കും സണ്ണി ജോസഫ് മറുപടി നൽകി. താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും, ആരായിരിക്കണം മുഖ്യമന്ത്രി എന്നത് ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ എല്ലാവരും ഒത്തൊരുമിച്ചാണ് ഈ പട നയിച്ചത്. ഹൈക്കമാൻഡ് നിശ്ചയിക്കുന്ന ഒബ്സർവർമാർ എത്തിയ ശേഷം എംഎൽഎമാരുടെ യോഗം ചേർന്നായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ വയനാട് പുനരധിവാസത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സണ്ണി ജോസഫ് ഉറപ്പുനൽകി. രാഷ്ട്രീയ വിജയങ്ങൾ ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന ഫ്ലക്സ് ബോർഡ് സംസ്കാരം മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എൽഡിഎഫിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നിലവിലെ മുന്നണിയുടെ നേതാവ് ഒരു പരാജയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അദ്ദേഹത്തെ മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെന്നും, പുതിയ നേതാവിനെ എൽഡിഎഫ് തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
0 Comments