നിയമസഭാ തെരഞ്ഞെടുപ്പ്: 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആർക്കും ഭൂഷണമല്ല: ബിനീഷ് കോടിയേരി




 കണ്ണൂർ: സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പിണറായി വിജയനുമെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയം പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ലെങ്കിലും 'ഞാൻ' എന്ന ചിന്ത ആധുനിക സമൂഹത്തിന് ഭൂഷണമല്ലെന്നും, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെയാണ് ജനവിധി ഉണ്ടായതെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. പരാജയത്തെ വിനയത്തോടെ അംഗീകരിച്ച് ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള അണികളുടെ വികാരം പങ്കുവെച്ചുകൊണ്ടാണ് ബിനീഷ് കുറിപ്പ് ആരംഭിക്കുന്നത്. 'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷേ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല' എന്ന വരികൾ ഉദ്ധരിച്ചുകൊണ്ട് ചില നഷ്ടങ്ങൾ നികത്താനാവില്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. സംഘടനാ സംവിധാനത്തിന്റെ കരുത്തും സൗമ്യമായ നേതൃശൈലിയും പാർട്ടിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.

പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ നഷ്ടപ്പെട്ടത് വ്യക്തിപരമായ തെറ്റുകൾ തിരുത്തണമെന്ന പാർട്ടി അനുഭാവികളുടെ പോലും നിലപാട് കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വൈകാരികതയെ മാനിക്കണമെന്നും ഇത്തരം തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാകണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തിൽ കമ്യൂണിസ്റ്റുകാർ നിരാശപ്പെടേണ്ടതില്ലെന്നും ബിനീഷ് ഓർമിപ്പിക്കുന്നു. വിജയത്തിൽ അമിതാഹ്ലാദമോ പരാജയത്തിൽ നിരാശയോ കമ്യൂണിസ്റ്റ് രീതിയിലുള്ളതല്ല. തെരഞ്ഞെടുപ്പ് എന്നത് മറ്റേതൊരു രാഷ്ട്രീയ സമരത്തെയും പോലെയാണ്. അനീതിക്കും ചൂഷണത്തിനുമെതിരായ നിരന്തരമായ പോരാട്ടമാണ് കമ്യൂണിസ്റ്റുകാരന്റെ ദൗത്യമെന്നും അത് തെരഞ്ഞെടുപ്പിനും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾക്കൊപ്പം നിന്ന് പോരാട്ടം തുടരാൻ സഖാക്കളെ ആഹ്വാനം ചെയ്തുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Post a Comment

0 Comments