ഇന്ന് സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: സണ്ണി ജോസഫ്


കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതില്‍ പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ എഐസിസിയാണ് തീരുമാനിക്കുന്നതെന്നും ഇന്നത്തെ യോഗത്തില്‍ സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ക്കു വേണ്ടി തെരുവില്‍ ചേരിതിരിഞ്ഞുള്ള പോര് ശരിയല്ലെന്നാണ് കെപിസിസിയുടെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിഷേധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തകരോട് ഇത് വീണ്ടും അഭ്യര്‍ഥിക്കുന്നുവെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ണായക യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

നേതാക്കളുമായുള്ള ഹൈക്കമാന്റിന്റെ കൂടിക്കാഴ്ച വൈകിട്ട് നാലുമണിക്കാണ് നടക്കുക. സമ്മര്‍ദ്ദത്തിനു വഴങ്ങി പിന്മാറില്ലെന്ന് ഉറപ്പിച്ച് നില്‍ക്കുകയാണ് നേതാക്കള്‍. നേതാക്കള്‍ക്ക് ഇടയില്‍ സമവായത്തില്‍ എത്തിയാല്‍ പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.

വൈകിട്ട് നാലുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച. ആദ്യം ഒന്നിച്ചു പിന്നീട് മൂന്ന് നേതാക്കളെയും ഒറ്റക്ക് ഒറ്റക്കും കാണും. രാഹുല്‍ ഗാന്ധിയും കേരളത്തിന്റെ സംഘടന ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയും യോഗത്തില്‍ പങ്കെടുക്കും. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച കൂടാതെ കണക്കുകള്‍ മാത്രമാണ് മാനദണ്ഡം ആകുകയാണെങ്കില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും അതൃപ്തി അറിയിച്ചേക്കും. നേതാക്കള്‍ക്കിടയില്‍ സമവായമായില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ അഭിപ്രായം കൂടി തേടിയാകും അന്തിമ തീരുമാനത്തിലെത്തുക.

Post a Comment

0 Comments