കോഴിക്കോട്: പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി നടൻ ഹരീഷ് കണാരനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ. നടൻ നിർമൽ പാലാഴിയുടെ വീട് താമസത്തിനിടെ ഹരീഷിനും നിർമലിനും ഒപ്പമെടുത്ത ഫോട്ടോയാണ് ബാദുഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച ബാദുഷ, ആരോപണങ്ങൾ പൂർണമായും തള്ളി. 20 ലക്ഷമല്ല, മറിച്ച് 14 ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്നും അതിൽ ഏഴ് ലക്ഷം രൂപ തിരികെ നൽകിയെന്നും ബാദുഷ പറഞ്ഞിരുന്നു. ബാക്കി തുക ഹരീഷിന്റെ സിനിമകൾക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വർഷമായി താൻ ചെയ്ത സേവനങ്ങൾക്കുള്ള പ്രതിഫലമായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ബാദുഷ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകിയതായും ബാദുഷ പറഞ്ഞിരുന്നു.

0 Comments