വയനാട്ടിൽ ലീഗ് നിര്‍മിച്ച സ്നേഹഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും സന്ദർശകരും വരരുത്; സ്വൈര്യജീവിതം ഉറപ്പാക്കാൻ കർശന വിലക്കുമായി മുസ്ലിം ലീഗ്

 



വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ചു നൽകിയ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചു. ആദ്യഘട്ടത്തിൽ കൈമാറിയ 51 വീടുകളിലും കുടുംബങ്ങൾ താമസം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണം. ഇനിമുതൽ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും ഈ വീടുകളിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് പി എം എ സലാം വ്യക്തമാക്കി. ഓരോ വീടും ഇപ്പോൾ ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ ആളുകൾ കൂട്ടമായി എത്തുന്നത് താമസക്കാർക്ക് വലിയ അലോസരം സൃഷ്ടിക്കുന്നുണ്ട്.

വലിയ ദുരന്തത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് മടങ്ങുന്നവരോട് വീണ്ടും ഉരുൾപൊട്ടലിനെക്കുറിച്ച് സംസാരിക്കുന്നത് അവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നു. സന്ദർശകരുടെ തിരക്ക് അവരുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തുന്നു. വീടുകൾ കൈമാറിക്കഴിഞ്ഞാൽ നമ്മുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്നും പിന്നീട് അവകാശബോധത്തോടെ ആ മണ്ണിലേക്ക് പോകരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആകെ നിർമ്മിക്കുന്ന 105 വീടുകളിൽ ആദ്യഘട്ടമായ 51 വീടുകളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ദുരന്തബാധിതർക്കായി ഓരോ വീടും ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പദ്ധതി പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെ കർശനമായ വിലക്ക് ഏർപ്പെടുത്തുമെന്നും ദുരന്തബാധിതരുടെ സ്വൈര്യജീവിതത്തിന് എല്ലാവരും സഹകരിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം അഭ്യർത്ഥിച്ചു

Post a Comment

0 Comments