കണ്ണൂര്‍: എൽഡിഎഫ് തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നുവെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി സമാനതകളില്ലാത്ത വികസന-ക്ഷേമപ്രവർത്തനങ്ങളുടെ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിനുമുമ്പിൽ ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. പ്രതിസന്ധികളുടെ പരമ്പരതന്നെ നമുക്ക് നേരിടേണ്ടിവന്നു.
ജനങ്ങൾ തന്ന കരുത്തിൽ എല്ലാം അതിജീവിച്ച് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണവും നേടി. ഇത്തരമൊരു പശ്ചാത്തലത്തിൽ തിളക്കമാർന്ന ഒരു വിജയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നു.
ജനവിധി മാനിക്കുന്നു. ഇടതുപക്ഷത്തിന്‍റെ ശരികളെ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഇന്ത്യ ഗവൺമെന്‍റിന്‍റെ ജനവിരുദ്ധനയങ്ങൾ രാജ്യത്തെ അപകടകരമാംവിധം വരിഞ്ഞുമുറുക്കുമ്പോൾ ആ ശരികളെ രാജ്യം ചർച്ച ചെയ്യുന്നുണ്ട്. പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും.
ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിക്കും. ദൗർബല്യങ്ങൾ പരിഹരിക്കും, തിരുത്തേണ്ടവ തിരുത്തും. ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ.

0 Comments