ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും ആഗോള നയതന്ത്ര നീക്കങ്ങളും അനുകൂലമായതോടെ തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികളിൽ വൻ കുതിപ്പ്. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലസൂചനകൾ വിപണിക്ക് ആത്മവിശ്വാസം നൽകിയപ്പോൾ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾ നിക്ഷേപകരെ സജീവമാക്കി. വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 960 പോയിന്റ് ഉയർന്ന് 77,881 ലും നിഫ്റ്റി 277 പോയിന്റ് നേട്ടത്തോടെ 24,274 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ കുതിപ്പോടെ നിക്ഷേപകരുടെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 5.4 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി.
പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ മോചിപ്പിക്കാനുള്ള ഈ നീക്കം ആഗോള വ്യാപാര മേഖലയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിലേക്ക് താഴ്ന്നതും വിപണിക്ക് കരുത്തായി. പാകിസ്ഥാൻ വഴി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളും ആഗോള വിപണികളിൽ ശുഭസൂചനകൾ നൽകി.

0 Comments