കപ്പലിലെ സഞ്ചാരികളായ 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികള്‍ക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവര്‍ ഈവര്‍ഷമാദ്യം തെക്കേ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നടത്തിയ യാത്രകള്‍ക്കിടെയാകാം ചെറുജീവികളില്‍ നിന്ന് ഹാന്റ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ എം.വി ഹോണ്‍ഡിയസ് കപ്പലില്‍ അര്‍ജന്റീനയില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്.
വൈറസ് ബാധ തിരിച്ചറിയുന്നതിന് മുമ്പ് ഏപ്രില്‍ 24ന് ആഫ്രിക്കന്‍ തീരത്തെ സെന്റ് ഹെലേന ദ്വീപില്‍ എത്തിയ കപ്പലില്‍ നിന്ന് 29 യാത്രികര്‍ ഇറങ്ങുകയും പലരും സ്വദേശത്തേക്ക് വിമാനങ്ങളില്‍ മടങ്ങുകയും ചെയ്തിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. കപ്പലില്‍ ഏപ്രില്‍ 11നാണ് വൈറസ് ബാധയെത്തുടര്‍ന്നുള്ള ആദ്യ മരണമുണ്ടാകുന്നത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോള്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ കൂടുതല്‍ യാത്രക്കാര്‍ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.
കപ്പലില്‍ യാത്ര ചെയ്ത ശേഷം സ്വദേശത്തേക്ക് മടങ്ങിയ യാത്രക്കാരന്‍ ഏപ്രില്‍ 24നാണ് വിമാനയാത്രയ്ക്കിടെ രോഗബാധിതനായി മരിച്ചത്. പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയും മരണമടഞ്ഞു. അര്‍ജന്റീനയില്‍ നിന്ന് കയറുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ക്ക് രോഗബാധ ഏറ്റിട്ടുണ്ടാകാം എന്നാണ് നിഗമനം.
കാനറി ദ്വീപിന്റെ ഭാഗമായ ടെനറിഫ ദ്വീപിന് സമീപമെത്തുന്ന കപ്പലില്‍നിന്ന് ചെറു ബോട്ടുകളില്‍ യാത്രക്കാരെ ഒഴിപ്പിച്ചശേഷം അന്നുതന്നെ അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചുതുടങ്ങുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. റിപ്പോര്‍ട്ടുചെയ്ത എട്ട് ഹാന്റ വൈറസ് കേസുകളില്‍ മൂന്നെണ്ണമാണ് ലോകാരോഗ്യസംഘടന ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 38 ഫിലിപ്പീന്‍കാര്‍, 31 ബ്രിട്ടീഷ് പൗരന്മാര്‍, 23 യു.എസുകാര്‍, നെതര്‍ലന്‍ഡ്സില്‍നിന്നുള്ള 16 പേര്‍, സ്‌പെയിനില്‍നിന്നുള്ള 14 പേര്‍, ഒമ്പത് ജര്‍മ്മന്‍കാര്‍, ആറു കാനഡക്കാര്‍, രണ്ട് ഇന്ത്യക്കാര്‍ എന്നിവര്‍ കപ്പലിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
0 Comments