കോട്ടയം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം. 52,907 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ ഇത്തവണ നേടിയത്. ഉമ്മൻ ചാണ്ടി 2011ൽ നേടിയ 33,255 വോട്ടിന്‍റെ ഭൂരിപക്ഷത്തെയാണ് മകൻ മറികടന്നത്.
ഫ്ലക്സും ബാനറും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ഇത്തവണ പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍റെ പ്രചാരണം. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. മണ്ഡല പര്യടനത്തിന്‍റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടിയുടെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.
ഉമ്മൻചാണ്ടിയെ 53 വര്‍ഷക്കാലം നെഞ്ചിലേറ്റിയ പുതുപ്പള്ളി മകനെയും കൈവിടില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 2023ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 37000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാർ കണ്ടത് ഉമ്മൻചാണ്ടിയെ മാത്രമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷവും മകനെ പുതുപ്പള്ളിയുടെ അമരക്കാരനാക്കിയിരിക്കുകയാണ് പുതുപ്പള്ളിക്കാര്‍.
.jpeg)
0 Comments