ക്ലിഫ് ഹൗസിൽ നിന്ന് പിണറായി എകെജി സെന്ററിന് സമീപത്തെ 'ചിന്ത' ഫ്ലാറ്റിലേക്ക്



തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു വിമാനത്താവളത്തിൽ നിന്നുള്ള പിണറായി വിജയന്റെ യാത്ര. എകെജി സെന്ററിലെത്തി എം.വി ഗോവിന്ദനുമായും മറ്റ് നേതാക്കളുമയും പിണറായി വിജയൻ കൂടികഴ്ച നടത്തി.

ഔദ്യോഗികവസതി ഒഴിയുന്ന പിണറായിക്കായി ചിന്ത ഫ്ലാറ്റിൽ രണ്ട് മുറികളും പാർട്ടി ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയിലെ 3 എ 3ബി മുറികളാണ് തയ്യാറാക്കിയത്. സിപിഎം പിബി അംഗങ്ങൾക്ക് അനുവദിക്കുന്ന മുറികളിലാണ് ഇനി പിണറായി വിജയനും കുടുംബവും താമസിക്കുക.

പിണറായിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകാൻ രാവിലെ മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിയത് ഔദ്യോഗിക വാഹനത്തിൽ. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഔദ്യോഗിക വാഹനമില്ല. പകരം എത്തിയത് എകെജി സെന്ററിലെ പാർട്ടി സെക്രട്ടറി സഞ്ചരിക്കുന്ന വാഹനം. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വാഹനം സിപിഎം പിബി അംഗം പിണറായി വിജയനായി വിമാനത്താവളത്തിൽ കാത്തു നിന്നു.

മകൾ വീണക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പിണറായിയെ വി.ശിവൻകുട്ടി വി.ജോയ് എ.എ റഹീം എന്നിവർ ചേർന്ന് സ്വീകരിച്ചു. കാത്തുനിന്ന മാധ്യമപ്രവർത്തകരെ നോക്കി കൈയുയർത്തി ഒരു ചെറുപുഞ്ചിരി നൽകി പിണറായി വിജയൻ പാർട്ടി വാഹനത്തിലേക്ക് കയറി. ക്ലിഫ്ഹൗസിൽ മകളെ ഇറക്കി നേരെ എകെജി സെന്ററിലേക്ക്.

Post a Comment

0 Comments