പുലിയെ തുറന്നുവിട്ട നടപടി പ്രതിഷേധാർഹം; ജനങ്ങളുടെ സുരക്ഷ പണയം വെച്ചെന്ന് കിഫ

 


കേളകം: വെണ്ടയ്ക്കുംച്ചാൽ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ ദേശീയ മാർഗനിർദേശങ്ങൾ പാലിക്കാതെ ഉൾവനത്തിൽ തുറന്നുവിട്ട നടപടി പ്രതിഷേധാർഹവും ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതുമാണെന്ന് കർഷക ഇൻഫർമേഷൻ ഫോറം (കിഫ) കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. ജനവാസ മേഖലയിൽ ഇരപിടിച്ച് ശീലിച്ച പുലി വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നും, റേഡിയോ കോളർ ഘടിപ്പിക്കാതെയാണ് തുറന്നുവിട്ടതെന്നത് ഗുരുതര വീഴ്ചയാണെന്നും കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു.

വെണ്ടയ്ക്കുംച്ചാൽ മേഖലയിൽ നിരന്തരം സാന്നിധ്യമറിയിക്കുകയും നിരവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്ന പുലി കൂട്ടിലായതോടെ പ്രദേശവാസികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ പുലിയെ തുറന്നുവിട്ടത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻ.ടി.സി.എ) മാർഗനിർദേശങ്ങൾ പാലിക്കാതെയാണെന്നാണ് കിഫയുടെ ആരോപണം.

സ്ട്രേ (അലഞ്ഞുതിരിയുന്ന) വിഭാഗത്തിൽപ്പെടുന്ന വന്യമൃഗങ്ങളെ സംബന്ധിച്ച എൻ.ടി.സി.എ മാർഗനിർദേശമനുസരിച്ച്, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ മൃഗശാലയിലോ സംരക്ഷണ കേന്ദ്രങ്ങളിലോ മാറ്റണമെന്നും, ആരോഗ്യവാനാണെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് ദൂരെയുള്ള ഉൾവനത്തിൽ തുറന്നുവിടണമെന്നുമാണ് നിർദേശം. എന്നാൽ ഇക്കാര്യങ്ങളൊന്നും പാലിക്കാതെയാണ് പുലിയെ തിടുക്കത്തിൽ തുറന്നുവിട്ടതെന്ന് കിഫ ആരോപിച്ചു.

ജനവാസ മേഖലയിൽ ഇരപിടിച്ച് ശീലിച്ച പുലി വീണ്ടും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നും, റേഡിയോ കോളർ ഇല്ലാത്തതിനാൽ അതിന്റെ സഞ്ചാരം നിരീക്ഷിക്കാനോ ജനങ്ങൾക്ക് സമയോചിതമായ മുന്നറിയിപ്പ് നൽകാനോ കഴിയില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഒരു പ്രദേശത്തെ ജനങ്ങളുടെ ഭീതി മറ്റൊരു പ്രദേശത്തേക്ക് മാറ്റുക മാത്രമാണ് ഈ നടപടിയിലൂടെ സംഭവിച്ചതെന്നും, വിവരാവകാശ നിയമം ഉപയോഗിച്ച് വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്നും കിഫ വ്യക്തമാക്കി. വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ ആരോപിച്ചു.

Post a Comment

0 Comments