കേളകം: വെണ്ടയ്ക്കഞ്ചാൽ മേഖലയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ ആറളം റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) കേന്ദ്രത്തിലെത്തിച്ച് വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇലിയാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയുടെ ആരോഗ്യനില പരിശോധിക്കുക.
പുലിയുടെ പ്രായം, ആരോഗ്യസ്ഥിതി, ശരീരത്തിലെ പരിക്കുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ വിശദമായി വിലയിരുത്തും. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമായിരിക്കും പുലിയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
കാലുകൾക്കോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കോ പരിക്കുകൾ കണ്ടെത്തുകയോ ചികിത്സ ആവശ്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ പുലിയെ പ്രത്യേക പരിചരണത്തിനായി മൃഗശാലയിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയാൽ അനുയോജ്യമായ വനമേഖലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണ് നിലവിലെ തീരുമാനം.
ഇതിനിടെ, പുലിയെ മൃഗശാലയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് രംഗത്തെത്തി. നിരന്തരമായി ജനവാസ മേഖലകളിൽ സഞ്ചരിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത ഈ പുലിയെ ഏത് വനമേഖലയിൽ തുറന്നുവിട്ടാലും വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അവർ പറഞ്ഞു.
അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുലിയെ മൃഗശാലയിൽ സംരക്ഷിക്കുകയാണ് ഉചിതമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. കൂടാതെ, കണ്ണൂർ ജില്ലയിലെ ഏത് വനമേഖലയിൽ പുലിയെ തുറന്നുവിട്ടാലും ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മാസങ്ങളായി കേളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി പിടിയിലായതോടെ പ്രദേശവാസികൾക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും, അതിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട തീരുമാനം സംബന്ധിച്ച് ജനങ്ങളിൽ വലിയ ആശങ്ക തുടരുകയാണ്. ആരോഗ്യപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം വനംവകുപ്പ് സ്വീകരിക്കുന്ന തീരുമാനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
.jpg)
0 Comments