പിണറായി വിജയൻ്റെ ഡൽഹി- കോഴിക്കോട് യാത്ര മുടങ്ങിയ സംഭവം; നടപടിക്ക് നിർദേശം നൽകി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ




 ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടിക്ക് കേരള ഹൗസ് റസിഡന്‍സ് കമ്മീഷണർ നിർദേശം നൽകി.

സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ കേരള ഹൗസ് റസിഡന്‍സ് കമ്മീഷണർ പുനീത് കുമാർ നിർദ്ദേശം നൽകി. നിലവിൽ വിദേശത്തുള്ള റസിഡന്റ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ ആദ്യപടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പിണറായിക്ക് പോകേണ്ടിയിരുന്നത്. പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷമായി മുഖ്യമന്ത്രി എന്ന പദവിയിലായിരുന്ന പിണറായി വിജയന് ലഭിച്ചിരുന്ന ഔദ്യോഗിക പ്രോട്ടോക്കോളിൽ വന്ന മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായത്. മുഖ്യമന്ത്രി, ഗവർണർ പദവികളിലുള്ളവരെ വിമാനക്കമ്പനികൾ നേരിട്ടെത്തി വിഐപി ലോഞ്ചിൽ നിന്ന് വിമാനത്തിലേക്ക് ആനയിക്കുകയാണ് പതിവ്.

എന്നാൽ പ്രതിപക്ഷ നേതാവ് പദവിക്ക് സംസ്ഥാന ക്യാബിനറ്റ് പദവി മാത്രമാണുള്ളതെന്നും, അതിനാൽ വിമാനക്കമ്പനികൾ നേരിട്ടെത്തി കൂട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നുമാണ് കമ്പനികളുടെ നിലപാട്. വിമാനക്കമ്പനികൾ എത്തിയില്ലെങ്കിൽ പ്രോട്ടോക്കോൾ ഓഫീസർ മുൻകൈയെടുത്ത് അദ്ദേഹത്തെ ബോർഡിങ് നടത്തുന്ന ഗേറ്റിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം 'ലാസ്റ്റ് കോൾ' വന്നപ്പോൾ മാത്രമാണ് പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ കഴിഞ്ഞിട്ടില്ലെന്ന വിവരം അധികൃതർ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ഗേറ്റിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഗേറ്റ് അടച്ചതിനാൽ യാത്ര മുടങ്ങുകയായിരുന്നു

Post a Comment

0 Comments