കൊട്ടിയൂർ: കൊട്ടിയൂർ ചപ്പമലയിൽ പേന്താനത്ത് മാത്യുവിന്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തി. തെങ്ങ്, വാഴ, കമുക് ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. വൃദ്ധരായ ദമ്പതികളായ ഇവർ പരസഹായമില്ലാതെ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. കണ്ണിന് കാഴ്ചക്കുറവുള്ള സാഹചര്യത്തിലും വന്യമൃഗ ഭീഷണിക്കിടയിലാണ് ഇവരുടെ ജീവിതം.
പ്രദേശത്ത് ഇടയ്ക്കിടെ കാട്ടാനകൾ എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി ഫാം ഗാർഡ് സംവിധാനം സ്ഥാപിച്ചിരുന്നെങ്കിലും, സംരക്ഷണ സംവിധാനമില്ലാത്ത ഭാഗത്തിലൂടെയാണ് കാട്ടാന കൃഷിയിടത്തിൽ കടന്നുകയറിയത്.
ചപ്പമല മേഖലയിലെ വന്യജീവി ശല്യം ദിനംപ്രതി രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ആനത്താര പദ്ധതി പ്രകാരം ഈ പ്രദേശത്തെ നിരവധി ഭൂമികൾ വനം വകുപ്പ് ഏറ്റെടുക്കുന്നതിനായി നടപടികൾ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി നിരവധി കുടുംബങ്ങൾ സ്വന്തം സ്ഥലം വനം വകുപ്പിന് വിട്ടുനൽകി മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാൽ പദ്ധതി പൂർണമായി നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ ബാക്കിയുള്ള ഏതാനും കുടുംബങ്ങൾ ഇപ്പോഴും ഇവിടെ ദുരിതജീവിതം നയിക്കുകയാണ്.
ആനത്താര പദ്ധതി വൈകുന്നതിനാൽ വനം വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞ ഭൂമികൾ പലതും ഇപ്പോഴും ഏറ്റെടുത്തിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുമൂലം ജനവാസ മേഖലയും വനമേഖലയും തമ്മിലുള്ള അതിർത്തി വ്യക്തതയില്ലാത്ത അവസ്ഥ തുടരുകയാണ്. ഇതാണ് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് നിരന്തരം ഇറങ്ങിവരാൻ കാരണമാകുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാട്ടാന ശല്യം ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ചപ്പമല മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

0 Comments