'അമ്മ'യില്‍ ഇനിയൊരു സ്ഥാനത്തേക്ക് ഞാനില്ല, ഒപ്പം നില്‍ക്കുന്നവരുടെ ഹൃദയത്തിലെ ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം'; നന്ദി പറഞ്ഞ് അന്‍സിബ


കൊച്ചി: 'അമ്മ'യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍. 'അമ്മ' സംഘടനയില്‍ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം -അന്‍സിബ പറഞ്ഞു.

'എന്റെ ജീവിതയാത്രയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം. 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.' -അന്‍സിബ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം 'അമ്മ' ജനറല്‍ ബോഡിയില്‍ അന്‍സിബ തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു. സംഘടനയിലെ അനീതികള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയ അന്‍സിബയുടെ പ്രസംഗത്തിന് വ്യാപക പ്രശംസ ലഭിച്ചിരുന്നു. എല്ലാം തുറന്നുപറയാനായതില്‍ സമാധാനമുണ്ടെന്നും ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് തനിക്ക് പറയാനാകുമെന്നും അന്‍സിബ പ്രതികരിച്ചിരുന്നു.

'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ വരണമെന്ന് ഇന്നലെ മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റ് നിരവധി പേരും അന്‍സിബ അമ്മ നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, 'അമ്മ'യില്‍ ശ്വേത മേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച ട്രഷറര്‍ ഉണ്ണി ശിവപാലിനെ പിന്തുണച്ച് നടന്‍ ജഗദീഷ് രംഗത്തെത്തി. ഉണ്ണി ശിവപാലിനെ അവധിയെടുപ്പിച്ചതിന്റെ കാരണം സംഘടനയെ ബോധ്യപ്പെടുത്താനായില്ല. സംഘടനാ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച രീതി സംശയമുണ്ടാക്കി. ആരോപണ വിധേയരെ വീണ്ടും സംഘടനയില്‍ കൊണ്ടുവരുന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജഗദീഷ് പറഞ്ഞു.


Post a Comment

0 Comments