തിരുവനന്തപുരം: വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ നൽകിയ പട്ടിക തള്ളി വീണ്ടും ഗവർണറുടെ നിയമനം. അധ്യാപക പരിഷത്ത് നേതാവ് പി.സജിത റാണിയെ പുതിയ വിസിയായി നിയമിച്ചു. നിലവിൽ പടന്നക്കാട് കാർഷിക കോളജിലെ ഡീനാണ് സജിത റാണി. ബി.അശോക് കാർഷിക വകുപ്പിൽ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് നിയമനം.
സംസ്ഥാന സർക്കാർ നൽകിയ മൂന്നംഗ പട്ടിക തള്ളിക്കൊണ്ടാണ് ഗവർണറുടെ പുതിയ നിയമനം. കാർഷിക സർവകലാശാലയുടെ ചട്ടപ്രകാരം, വൈസ് ചാൻസലറെ നിയമിക്കുമ്പോൾ സർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എന്നാൽ, ആ നടപടിക്രമങ്ങൾ മറികടന്നാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം.
നിയമനത്തിന് പിന്നിൽ സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള ശ്രമമുണ്ടെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. സജിത റാണിക്ക് അധ്യാപക സംഘടനയുമായി ബന്ധമുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്.
സജിത റാണിയെ നിയമിച്ചതിലൂടെ ഗവർണർ നടപ്പിലാക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും ഗവർണറോടുള്ള നിലപാട് കൃഷിമന്ത്രി വ്യക്തമാക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച വിസി നിയമനത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നെന്നും യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.
0 Comments