ഏലപ്പീടിക: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിന്റെ 26 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ ശുഭപര്യവസാനം. വനംമന്ത്രി ഷിബു ബേബി ജോൺ നേരിട്ട് ഇടപെട്ടതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ചിരുന്ന ആറ് ജണ്ടകൾ ബുധനാഴ്ച പൊളിച്ചുനീക്കി. ഭൂമി സ്റ്റാൻലി ജോസഫിന് വിട്ടുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, തുടർ അളവെടുപ്പ് നടത്തി പട്ടയപ്രകാരമുള്ള മുഴുവൻ ഭൂമിയും കൈമാറുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
സ്റ്റാൻലി ജോസഫിന്റെ ദുരവസ്ഥ വാർത്തയായി പുറത്തുവന്നതിനെ തുടർന്ന് സ്ഥലം എം.എൽ.എയും വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രിയുമായ സണ്ണി ജോസഫ് വിഷയം വനംമന്ത്രി ഷിബു ബേബി ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ മന്ത്രി നേരിട്ട് കണ്ണൂർ ഡി.എഫ്.ഒ. കെ. സജിയ്ക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഡി.എഫ്.ഒയുടെ നിർദേശപ്രകാരം കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ബി. പി. സുനിൽ കുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ആർ. മണികണ്ഠൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി വനംവകുപ്പ് സ്ഥാപിച്ചിരുന്ന ആറു ജണ്ടകളും പൊളിച്ചുനീക്കിയത്.
2000-ലാണ് സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന്റെ പട്ടയഭൂമിയിൽ വനംവകുപ്പ് ജണ്ട സ്ഥാപിച്ചത്. തുടർന്ന് വനംവകുപ്പ്, റവന്യൂ വകുപ്പ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളും കോടതിയും കയറിയിറങ്ങി 26 വർഷത്തോളം സ്റ്റാൻലി നിയമപോരാട്ടം നടത്തി. 2022-ൽ റവന്യൂ-വനംവകുപ്പ് സംയുക്ത അളവെടുപ്പിൽ ഭൂമി സ്റ്റാൻലി ജോസഫിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണെന്ന് സർക്കാർ തന്നെ സ്ഥിരീകരിക്കുകയും അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജണ്ടകൾ നീക്കം ചെയ്യാതെ ഭൂമിയുടെ പൂർണ അവകാശം നിഷേധിക്കപ്പെട്ട നില തുടരുകയായിരുന്നു.
ജണ്ടകൾ പൊളിച്ചുനീക്കിയതോടെ ഭൂമി വീണ്ടും അളന്ന് കൃത്യമായി തിട്ടപ്പെടുത്തി സ്റ്റാൻലി ജോസഫിന് കൈമാറുന്നതിനുള്ള നടപടികളും ആരംഭിക്കും. ഇതിനായി വനം-റവന്യൂ വകുപ്പുകൾ സംയുക്തമായി വീണ്ടും സർവേ നടത്തും. പട്ടയരേഖ പ്രകാരം സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന് രണ്ടേക്കർ 15 സെന്റ് ഭൂമിയാണുള്ളത്. എന്നാൽ നിലവിൽ ഒരേക്കർ 85 സെന്റ് ഭൂമി മാത്രമാണ് അളന്നപ്പോൾ ഉള്ളത്. കുറവുള്ള 35 സെന്റ് ഭൂമി കണ്ടെത്തുന്നതിനായി വിശദമായ സർവേ നടത്തി പട്ടയപ്രകാരമുള്ള മുഴുവൻ ഭൂമിയും സ്റ്റാൻലി ജോസഫിന് ലഭ്യമാക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വനംവകുപ്പ് ജണ്ടകൾ നീക്കം ചെയ്തതോടെ ആശ്വാസത്തിലാണ് സ്റ്റാൻലി ജോസഫും കുടുംബവും. പ്രദേശവാസിയും, കണിച്ചാർ പഞ്ചായത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനും, പൊതുപ്രവർത്തകനുമായ സിനോ ജോസ് ,സ്റ്റാൻലി ജോസഫിന്റെ ദുരവസ്ഥയിൽ നിരന്തരം ഇടപെടൽ നടത്തിയിരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നിരവധി തവണ നിവേദനം നൽകിയിരുന്നു. .

0 Comments