'പൗരത്വം തെളിയിക്കേണ്ടത് യുക്തിസഹമായ നടപടിക്രമങ്ങളിലൂടെയാവണം'; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ട്രൈബ്യൂണൽ വിധി സുപ്രിംകോടതി റദ്ദാക്കി





ന്യൂഡൽഹി: പൗരത്വവും നിർണയിക്കുന്നത് തികച്ചും ന്യായവും നിയമപരവും യുക്തിസഹവുമായ നടപടിക്രമങ്ങളിലൂടെ ആയിരിക്കണമെന്ന് സുപ്രിംകോടതി. 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളുടെ നടപടിയും ഇത് ശരിവെച്ച ഗുവാഹതി ഹൈക്കോടതി വിധികളും സുപ്രിംകോടതി റദ്ദാക്കി. പൗരത്വം എന്നത് ഭരണഘടനാപരമായി അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, ഈ 27 കേസുകളും പുതിയ രീതിയിൽ വാദം കേൾക്കുന്നതിനായി ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് തിരിച്ചയച്ചു.

നിയമവിരുദ്ധമായി ആരും ഇന്ത്യൻ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ട്. വ്യാജ അവകാശവാദങ്ങളിലൂടെയോ കാലതാമസം മുതലെടുത്തോ ആരും പൗരത്വം നേടരുത് എന്ന സംസ്ഥാനത്തിന്റെ താത്പര്യം ന്യായമാണ്. എന്നാൽ, ഈ ലക്ഷ്യം നേടാനായി ന്യായമായ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്താനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

അപ്പീൽ നൽകിയവരുടെ പൗരത്വ വാദങ്ങളുടെ മെറിറ്റിലേക്ക് തങ്ങൾ കടന്നിട്ടില്ലെും ഇവർ സമർപ്പിച്ച രേഖകളുടെ വിശ്വാസ്യതയോ കൃത്യതയോ പരിശോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ട്രൈബ്യൂണലുകൾ ഈ വിഷയത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കണം. കേസ് പുനഃപരിശോധനയ്ക്ക് അയച്ചു എന്നതുകൊണ്ട് ഹരജിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് അർഥമാക്കുന്നില്ല. ഒരു വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കുന്നതുപോലുള്ള ഗുരുതരമായ നടപടികൾ 1946-ലെ ഫോറിനേഴ്‌സ് ആക്ട്, 1964-ലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഓർഡർ, ഭരണഘടന മുന്നോട്ടുവെക്കുന്ന നീതി എന്നിവ പൂർണമായും പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.

Post a Comment

0 Comments