കാൻസാസ് സിറ്റി: എക്‌സ്‌ട്രൈ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന ലോകകപ്പ് സെമിയിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കിയാണ് നിലവിലെ ചാമ്പ്യൻമാർ അവസാന നാലിലേക്ക് മുന്നേറിയത്. അലെക്‌സിസ് മാക് അലിസ്റ്റർ(10), ഹൂലിയൻ അൽവാരസ്(112), ലൗട്ടാരോ മാർട്ടിനസ്(120+1) എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്. 67ാം മിനിറ്റിൽ ഡാൻ എൻഡോയിയുടെയാണ് സ്വിറ്റ്‌സർലൻഡ് ഗോൾ കണ്ടെത്തിയത്. മുഴുവൻ സമയം ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 72ാം മിനിറ്റിൽ സ്വിസ് ഫോർവേഡ് ബ്രീൽ എംബോളോ ചുവപ്പ് കാർഡ് വഴങ്ങിയത് അവസാന ക്വാർട്ടർ ഫൈനലിൽ നിർണായകമായി.
എക്‌സ്ട്രാ ടൈമിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ കളംനിറഞ്ഞ നിലവിലെ ചാമ്പ്യൻമാർ രണ്ടാം പകുതിയിൽ വിജയമുറപ്പിക്കുകയായിരുന്നു. മികച്ചൊരു ലോങ് റേഞ്ചറിലൂടെ 112ാം മിനിറ്റിൽ ഹൂലിയൻ അൽവാരസാണ് നിർണായക ലീഡ് നേടികൊടുത്തത്. ഈ ലോകകപ്പിൽ അർജന്റൈൻ ഫോർവേഡ് നേടുന്ന ആദ്യ ഗോളാണിത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (120+1) കൗണ്ടർ അറ്റാക്കിൽ നിന്നും ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും നേടി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നിരന്തര മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും സ്വിസ് പ്രതിരോധം കടക്കാനായില്ല. സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ

0 Comments