തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; 35 കോടി വാഗ്ദാനം ചെയ്തതായി എംഎൽഎ: മൂന്നുപേർ അറസ്റ്റിൽ

 



ചെന്നെ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നതായി ആരോപണം. ഈ ഗൂഢാലോചനയെ അട്ടിമറിച്ചതായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ഒരേസമയം 15 ടിവികെ എംഎൽഎമാരെക്കൊണ്ട് രാജിവെപ്പിക്കാൻ ശ്രമം നടന്നതായാണ് കണ്ടെത്തൽ. ഇതിനായി 35 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.

ഉത്തംഗരൈയിൽ നിന്നുള്ള ടിവികെ എംഎൽഎ എൻ. ഇളയരാജ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ടി.വി.കെ നേതാവും തമിഴ്‌നാട് അസംബ്ലി സ്പീക്കറുമായ ജെ.സി.ഡി പ്രഭാകറിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ഐ.പി.ഡി.എസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ഒരാൾ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് ഇളയരാജ പരാതി നൽകിയത്. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ഇയാളെ കൂടാതെ രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിൽ നിന്നും കരൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ ഒരാൾ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും അടുത്ത ബന്ധമുള്ളയാളാണ്. സംഭവത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുള്ളതായാണ് പൊലീസിന്റെ കണ്ടെത്തൽ.

Post a Comment

0 Comments