ട്രെയിൻ യാത്രയ്ക്കിടെ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം വൻ തോതിൽ വർധിച്ചതായി ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ‘ഫുഡ് ഓൺ ട്രെയിൻ’ സേവനത്തിലെ ഓർഡറുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി ഉയർന്നതായി കമ്പനി അറിയിച്ചു.
.
രാജ്യത്തെ 180-ലധികം നഗരങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിച്ചതും വേനൽക്കാല അവധിക്കാല യാത്രകൾ വർധിച്ചതുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഒരേ പി.എൻ.ആർ. ഉപയോഗിച്ച് രണ്ടോ അതിലധികമോ സ്റ്റേഷനുകളിൽ ഭക്ഷണം ബുക്ക് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 300 ശതമാനത്തിലധികം വർധിച്ചു. ഇത്തരം യാത്രക്കാർ സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് 2.2 മടങ്ങ് കൂടുതൽ ചെലവഴിച്ചതായും കമ്പനി അറിയിച്ചു.
വേനൽക്കാലത്ത് ശീതളപാനീയങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായത്. സോഫ്റ്റ് ഡ്രിങ്ക് ഓർഡറുകൾ 354 ശതമാനവും, ഐസ്‌ക്രീം 140 ശതമാനവും, ലസ്സി ഓർഡറുകൾ ഇരട്ടിയിലധികവും വർധിച്ചു. ശൈത്യകാലത്തെ അപേക്ഷിച്ച് മാങ്ങ ഷേക്കിന്റെ ആവശ്യകത പത്തിരട്ടിയോളം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണ ഇനങ്ങളിൽ ചപ്പാത്തിയാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. നാല് ലക്ഷത്തിലധികം ചപ്പാത്തികളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. തുടർന്ന് മസാല ദോശ, ആലു പരാത്ത, മക്‌ആലു ടിക്കി ബർഗർ എന്നിവയാണ് കൂടുതൽ ആവശ്യക്കാരെ നേടിയത്. നോൺ-വെജ് വിഭാഗത്തിൽ ചിക്കൻ ബിരിയാണി ഒന്നാം സ്ഥാനത്ത് തുടർന്നു.
യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ ‘സ്കാൻ യോർ ടിക്കറ്റ്’ എന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിച്ചു. റെയിൽവേ ടിക്കറ്റ് സ്കാൻ ചെയ്താൽ പി.എൻ.ആർ. നമ്പർ സ്വമേധയാ തിരിച്ചറിഞ്ഞ് ഭക്ഷണം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്വിഗ്ഗി അറിയിച്ചു.
ഈ പാദത്തിൽ ഗുരുഗ്രാം, ഉദയ്പുർ, ബിക്കാനേർ, നന്ദേഡ്, നിസാമാബാദ് ഉൾപ്പെടെ 17 പുതിയ റെയിൽവേ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിച്ചു. യാത്രയ്ക്ക് നാല് ദിവസം മുൻപ് വരെ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണവും വർധിച്ചതായി കമ്പനി വ്യക്തമാക്കി.
മെട്രോ നഗരങ്ങൾക്കപ്പുറം ചെറിയ പട്ടണങ്ങളിലാണ് ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തിയത്. ചെറുനഗരങ്ങളിലെ സ്റ്റേഷനുകളിൽ നിന്നുള്ള ഓർഡറുകൾ 253 ശതമാനം ഉയർന്നതായും, ആദ്യമായി ഈ സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു.

0 Comments