മെൽബൺ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണവോർജ്ജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ (Critical Minerals) എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും തമ്മിൽ മെൽബണിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കും ക്ലീൻ എനർജി (Clean Energy) ലക്ഷ്യങ്ങൾക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ ലഭ്യമാക്കും എന്നതാണ് ആണവോർജ്ജ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഈ കരാർ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുതിയ ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാർ നിർണായകമാണ്.
പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 'ഇന്ത്യ-ഓസ്ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ' സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ, സമുദ്ര സുരക്ഷാ സഹകരണത്തിനായി ഒരു പുതിയ റോഡ്മാപ്പിന് രൂപം നൽകുകയും കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നീ മേഖലകളിൽ സഹകരിക്കാൻ ധാരണയാകുകയും ചെയ്തു. തന്ത്രപരമായ സുരക്ഷയും ക്ലീൻ എനർജിയിലേക്കുള്ള മാറ്റവും മുൻനിർത്തി ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതിക വിദ്യകൾ, വിതരണ ശൃംഖല എന്നിവയിലെ സഹകരണത്തിനായി പുതിയ പങ്കാളിത്തത്തിനും തുടക്കമിട്ടിട്ടുണ്ട്.
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാവൂ എന്ന് മെൽബണിൽ സംസാരിക്കവെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇരുരാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇൻഡോനീഷ്യ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി മെൽബണിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം (Comprehensive Strategic Partnership) ഈ സന്ദർശനത്തിലൂടെ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദർശനവേളയിൽ ഇന്ത്യ-ഓസ്ട്രേലിയ സിഇഒ ഫോറത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകളും അദ്ദേഹം നടത്തി.
%20(1).jpg)
0 Comments