കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് ജില്ലാകളക്ടറും ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന തിരച്ചിലിന് ശേഷം ഇന്ന് അതിരാവിലെ മുതൽ ദൗത്യം പുനരാരംഭിച്ചിരിക്കുകയാണ്. കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ നടത്തുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നും കളക്ടർ അറിയിച്ചു.
രക്ഷാദൗത്യം സുഗമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി തിരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, ആർ.ആർ.എഫ്, ഫയർഫോഴ്സ്, ലോക്കൽ പോലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചുകൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച കഡാവർ ഡോഗുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണവും എൻ.ഡി.ആർ.എഫ് സംഘം നടത്തുന്നു. കനത്ത മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്നലെ പുലർച്ചെ വരെ നീണ്ട ദൗത്യം ഇന്ന് രാവിലെ ആറരയോടെയാണ് പുനരാരംഭിച്ചത്. പ്രതികൂല സാഹചര്യമാണെങ്കിലും ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് ദൗത്യം തുടരുകയാണ്.
കാണാതായ അഞ്ചുപേരും കരാർ കമ്പനിയിലെ ജീവനക്കാരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ താമസ്ഥലങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു പോയിട്ടുണ്ട്. തൊഴിലാളികൾ താമസിച്ചിരുന്ന കണ്ടെയ്‌നറുകൾ മണ്ണിടിച്ചിലിൽ സ്ഥാനം തെറ്റിയ നിലയിലാണെങ്കിലും അവ മണ്ണിൽ പൂർണ്ണമായും പെട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എങ്കിലും താമസസ്ഥലത്തോ പരിസരത്തോ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
നിലവിൽ പുറത്തുനിന്നുള്ള കൂടുതൽ സന്നദ്ധ സംഘങ്ങളുടെ സഹായം ആവശ്യമില്ലെന്നാണ് ഔദ്യോഗിക തീരുമാനം. എൻ.ഡി.ആർ.എഫിന്റെയും മറ്റ് ഔദ്യോഗിക ഏജൻസികളുടെയും നേതൃത്വത്തിൽ ദൗത്യം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
%20(1).jpg)
0 Comments