സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

അതേസമയം കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments