ചോദ്യപേപ്പർ ചോർച്ച; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ

 



ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ഷാഫി പറമ്പില്‍, കെ. രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭാ എംപിമാരായ എ.എ റഹീം, പി. സന്തോഷ് കുമാര്‍ എന്നിവരും നോട്ടീസ് നല്‍കി.

ശൂന്യവേളയില്‍ മറ്റു വിഷയങ്ങള്‍ ലിസ്റ്റ് ചെയ്യുകയോ പരിഗണിക്കുകയോ ചെയ്യരുതെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.

നീറ്റ് പരീക്ഷക്ക് പുറമെ അയോധ്യ വിഷയം, സോനം വാങ്ചുക്കിന്റെ കസ്റ്റഡി, ഇന്ധനവില വര്‍ധന തുടങ്ങിയ ജനകീയ വിഷയങ്ങളും സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക.

എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍, ദേശീയ മുദ്രകളെ അപമാനിക്കല്‍ വിലക്കുന്ന ഭേദഗതി തുടങ്ങിയ ബില്ലുകള്‍ പാസാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തില്‍ ആകെ 19 സിറ്റിങ്ങുകളാണുള്ളത്.

Post a Comment

0 Comments