കേളകം: അടയ്ക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. വ്യാഴാഴ്ച രാത്രി കാക്കനാട്ട് ജോർജിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വാഴ, തെങ്ങ്, ജാതി, കവുങ്ങ് തുടങ്ങിയ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു.
വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് കടന്നത്. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ആന പുലർച്ചയാണ് തിരികെ പോയത്.
ശാന്തിഗിരി ഉൾപ്പെടെയുള്ള വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുകയാണെന്ന് കർഷകർ പറയുന്നു. സോളാർ ഫെൻസിംഗ് തകർത്ത് കാട്ടാനകൾ പതിവായി കൃഷിയിടങ്ങളിൽ കടക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഇതിനിടെ, വന്യമൃഗശല്യം തടയാൻ പ്രദേശത്ത് സ്ഥാപിക്കുന്ന വൈദ്യുതിവേലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല. പദ്ധതി എത്രയും വേഗം നടപ്പാക്കി വനാതിർത്തിയിൽ ഫലപ്രദമായ സുരക്ഷാസംവിധാനം ഒരുക്കണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.
%20(1).jpg)
0 Comments