തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ചകളും കണ്ടെത്തി ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. 4.89 കോടി രൂപയാണ് പദ്ധതിക്കായി ചെലവായത്.
വീഡിയോ കോൺഫറൻസ് മുറിയുടെ നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്നും പർച്ചേസ് നടത്തിയത് ടെണ്ടർ നടപടികൾ പാലിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി നടത്തിപ്പിന് സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിരുന്നില്ല. സാമൂഹ്യ സുരക്ഷാ മിഷന് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് ലഭിച്ചോ എന്നത് പരിശോധിക്കും. സാനിറ്റൈസർ ഉത്പാദനത്തിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല, ലൈസൻസ് ഇല്ലാതെ ജയിൽവകുപ്പിന് ഉത്പാദന അനുമതി നൽകി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
സർക്കാർ അനുമതി ഇല്ലാതെയായിരുന്നു സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവർത്തനങ്ങൾ. ചട്ടവിരുദ്ധമായി 30 ലക്ഷം രൂപക്ക് കിയോസ്‌കുകൾ വാങ്ങിയെന്നും സാനിറ്റൈസർ നിർമാണത്തിലും വിതരണത്തിലും ചട്ടലംഘനം ഉണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെലവഴിച്ച തുകയിലും വ്യക്തതയില്ല. ജിഎസ്ടി രേഖപ്പെടുത്താത്ത, കൈകൊണ്ട് എഴുതിയ രേഖകളാണ് ഭൂരിഭാഗവും.
അതേസമയം, ഓഡിറ്റിങ് നടത്തിയെന്നാണ് ഡോ. അഷീലിന്റെ വിശദീകരണം. മറുപടിയിൽ രേഖകൾ ഹാജരാക്കിയിട്ടുമില്ല. മറുപടി തൃപ്തികരമല്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
%20(1).jpg)
0 Comments