ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരം സിജെപി കൂടുതൽ ശക്തമാക്കി. പ്രതിഷേധം 25 ദിവസം പിന്നിട്ടതോടെ ഇന്ന് രാജ്യവ്യാപകമായി കൂട്ടനിരാഹാരം സംഘടിപ്പിക്കും. ജൂൺ 28 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ശരീരഭാരം 8.5 കിലോയോളം കുറഞ്ഞെന്നും സിജെപി അറിയിച്ചു.
വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാകേഷ് കുമാർ സൈനിയാണ് ഹർജി നൽകിയത്. വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ പോഷകാഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, സോനം വാങ്ചുക്കിന് പിന്തുണയുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കർഷക നേതാവ് രാകേഷ് ടിക്കായത്തും ഇന്ന് ജന്തർ മന്തറിൽ എത്തും. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനും ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കാനുമാണ് സിജെപിയുടെ തീരുമാനം.

0 Comments