തെൽ അവീവ്: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്ന്(ബുധനാഴ്ച) നടത്താനിരുന്ന ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്.
പീറ്റ് ഹെഗ്സെത്ത് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമായിരുന്നു ഇത്. തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇസ്രായേലിനുള്ള ആശങ്കകൾ പരിഹരിക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നേരത്തെ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പുതിയ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹെഗ്സെത്തിന്റെ സന്ദർശനം പെട്ടെന്ന് റദ്ദാക്കിയതെന്നാണ് ഒടുവിൽ പുറത്തുവരുന്ന സൂചനകൾ. ഇറാൻ കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തെഹ്റാനുമായുള്ള ചർച്ച പാഴ് വേലയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ സിറിക്, ഖിഷം, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്‍റെ പ്രസ്താവന.
തുര്‍ക്കിക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈമാറുന്നത് പശ്ചിമേഷ്യയിലെ സുരക്ഷയെ ബാധിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശങ്കപ്പെട്ടിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പലതവണ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും തുർക്കി ഒരു സൗഹൃദ രാജ്യമല്ലെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

0 Comments