പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ ഇന്ന് വിധി പറയും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. നാലു മാസത്തിലേറെ നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.
82 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 46 പേരുടെ മൊഴി പ്രതിയെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകളെല്ലാം പ്രതി ചെന്താമര നിഷേധിക്കുകയാണ്. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്‌മിയെയും പ്രതി ചെന്താമര വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ സുധാകരന്‍റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്‍റെ വിചാരണക്കിടെ പരോളിലിറങ്ങിയ സമയത്തായിരുന്നു കൊലപാതകം.
സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. ഭാര്യ പിണങ്ങിപോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് 2019 ആഗസ്ത് 31 ന് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
0 Comments