കൊച്ചി: കോറോ ഹെൽത്തിലെ ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണ. ഏഴ് മാസത്തെ ഗ്രോസ് സാലറി മുഴുവൻ തൊഴിലാളികൾക്കും നൽകുമെന്നും 26-ാം തീയതി തന്നെ കൊടുക്കാമെന്നും കമ്പനി സമ്മതിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടൽ നേരിട്ട ജീവനക്കാർക്ക് മറ്റൊരു ജോലി ലഭിക്കാൻ ആവശ്യമായിട്ടുള്ള എല്ലാ രേഖകളും തിരികെ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
'ചെറുപ്പക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടായതായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇങ്ങനെയൊരു വിഷയം ഉണ്ടായത് മുതൽ തന്നെ ഇടപെട്ടിരുന്നു. ഫലപ്രദമായിരുന്നു ഇന്നത്തെ ചർച്ച. ജീവനക്കാരുടെ താൽപര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടാണ് തീരുമാനം. അഞ്ചുമാസത്തെ ഗ്രോസ് സാലറി മുഴുവൻ തൊഴിലാളികൾക്കും നൽകാൻ തീരുമാനമായിട്ടുണ്ട്. 26ന് തന്നെ നൽകാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്'. മന്ത്രി വ്യക്തമാക്കി.
M
ഇത്തരത്തിൽ പിരിച്ചുവിടൽ നേരിട്ടാൽ അവഗണന നേരിടുന്ന സാഹചര്യം സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാനുള്ള കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. മറ്റൊരു ജോലി ലഭിക്കാൻ ആവശ്യമായിട്ടുള്ള എല്ലാ രേഖകളും കമ്പനിയോട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പറഞ്ഞു. ധാരണയിൽ തങ്ങൾ സംതൃപ്തരാണെന്നും നിയമവശങ്ങളും മുന്നോട്ടുപോകുമ്പോഴുള്ള വെല്ലുവിളികളും മനസിലാക്കിക്കൊണ്ട്, കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കാര്യമാണിതെന്നും കോറോ ഹെൽത്ത് പ്രതിനിധികളും പറഞ്ഞു.
ഉമാ തോമസ് എംഎൽഎ, ലേബർ കമ്മീഷണർ, സ്പെഷ്യൽ സെക്രട്ടറി, എറണാകുളം ലേബർ ഓഫീസർ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്നുള്ള 800ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരുന്നത്.
മുന്‍പ് നടന്ന ചര്‍ച്ചകളില്‍ കമ്പനി അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. ഓഫീസ് തുറന്നു നല്‍കാന്‍ പോലും തയ്യാറായിരുന്നില്ല. ഓഫീസില്‍ എത്തിയ ജീവനക്കാര്‍ക്ക് പലപ്പോഴും തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ദിവസങ്ങളായി ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം തുടരുകയാണ്. ഇവരുടെ കോഴിക്കോട്ടെ ഓഫീസിന് മുന്നിലും പ്രതിഷേധമുണ്ടായിരുന്നു.

0 Comments