ശ്വേത മേനോന്‍ പ്രസിഡന്‍റായ 'അമ്മ' ഭരണസമിതി യോഗം ഉടന്‍




 കൊച്ചി: ശ്വേത മേനോന്‍ പ്രസിഡന്‍റായ അമ്മ ഭരണസമിതി ഉടന്‍ യോഗം ചേരും. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്. ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്‍റെ നീക്കം.

ജൂണ്‍ 21 ലെ ജനറല്‍ ബോഡിയില്‍ ശ്വേത മേനോന്‍റെ കമ്മിറ്റി രൂക്ഷ വിമര്‍ശനമേറ്റ് രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയതിന് പിറകേയാണ് അഡ്ഹോക് കമ്മിറ്റി വന്നത്. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് അധികാരം കൈമാറാന്‍ തയ്യാറാകാതിരുന്ന ശ്വേതമേനോന്‍ കലൂരിലെ ഓഫീസിന്‍റെ നിയന്ത്രണവും നിലനിര്‍ത്തി.

അമ്മ അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം അടക്കമുള്ള കാര്യങ്ങളുടെ നടത്തിപ്പും കമ്മിറ്റി ഭാരവാഹികള്‍ തുടര്‍ന്നു. അഡ്ഹോക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ പൂര്‍ണ അധികാരം പ്രയോഗിക്കാന്‍ പഴയ ഭരണസമിതി തയ്യാറെടുക്കുകയാണ്. ജനറൽ ബോഡി വിളിച്ചു കൂട്ടി കണക്ക് അവതരിപ്പിച്ച് തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് ശ്വേത പ്രസിഡന്‍റായ ഭരണസമിതി ശ്രമിക്കുന്നത്. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ എല്ലാം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന ശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.

ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ജനറല്‍ ബോഡിയില്‍ അവര്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ തന്നെ നേതൃത്വത്തില്‍ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ടു തന്നെ സംഘര്‍ഷം നിറഞ്ഞ ദിനങ്ങളാണ് അമ്മയെ കാത്തിരിക്കുന്നത്. അതേസമയം തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളിൽ ഇത് വരെ ശ്വേത പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments