നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പിക്കാൻ സംവിധാനമില്ല; വർഷങ്ങളുടെ അധ്വാനം നഷ്ടപ്പെടുത്തി വഞ്ചിതരാകുന്ന കർഷകർ




കേളകം: കൃഷിവകുപ്പും , സ്വകാര്യ നേഴ്സറികളും വഴി വിതരണം ചെയ്യുന്ന നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഫലപ്രദമായ പരിശോധനാ സംവിധാനമില്ലെന്ന പരാതി മലയോര മേഖലയിലെ കർഷകരിൽ ശക്തമാകുന്നു. വാഗ്ദാനം ചെയ്ത ഇനത്തിലുള്ള തൈകളാണെന്ന് വിശ്വസിച്ച് വാങ്ങി വർഷങ്ങളോളം പരിപാലിച്ച ശേഷം മാത്രമാണ് യഥാർത്ഥ ഇനം തിരിച്ചറിയാൻ കഴിയുന്നത്. അപ്പോഴേക്കും കർഷകന്റെ അധ്വാനവും സമയവും പണവും നഷ്ടമായിരിക്കും.


കേളകം സ്വദേശിയായ ജോണി എന്ന കർഷകന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. മികച്ച വിപണിവില ലഭിക്കുന്ന ഇമാം പസന്ത് ഇനത്തിൽപ്പെട്ട മാവിൻതൈകൾ വേണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ സ്വകാര്യ നേഴ്സറിയിലെത്തി. ഒരു തൈയ്ക്ക് ₹500 നിരക്കിൽ പത്ത് തൈകൾ വാങ്ങി. നാലുവർഷം പരിചരിച്ച ശേഷം മാവുകൾ കായ്ച്ചപ്പോൾ ലഭിച്ചത് ഇമാം പസന്തല്ല, മലയോര മേഖലയിൽ 'നമ്പ്യാർ മാങ്ങ' എന്നറിയപ്പെടുന്ന സാധാരണ ഇനമാണെന്ന് വ്യക്തമായി. വിലയേറിയ തൈകൾ വാങ്ങി നാലുവർഷം കാത്തിരുന്ന കർഷകന് ലഭിച്ചത് നിരാശ മാത്രമായിരുന്നു.


മറ്റൊരു കർഷകൻ മൂന്നുവർഷത്തിനകം കായ്ക്കുമെന്ന ഉറപ്പിൽ ഇന്റർ മംഗള ഇനത്തിലുള്ള കവുങ്ങിൻതൈകൾ വാങ്ങി. എന്നാൽ എട്ടാം വർഷത്തിലാണ് ആദ്യമായി ചൊട്ട പ്രത്യക്ഷപ്പെട്ടത്. 

ഇൻറർ മംഗള പോയിട്ട് മംഗള ഇനത്തിൽപ്പെട്ട കവുങ്ങുകളെ ആയിരുന്നില്ല.

 പ്രതീക്ഷിച്ച സമയത്ത് വരുമാനം ലഭിക്കാത്തത് കർഷകന്റെ സാമ്പത്തിക കണക്കുകൂട്ടലുകളെ തകർത്തു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള നേഴ്സറിയിൽ നിന്നുള്ള പ്രതിനിധി നേരിട്ട് വീട്ടിലെത്തി ജാതിത്തൈകളുടെ ഓർഡർ സ്വീകരിച്ചു. നാലാം വർഷം മുതൽ നല്ല വിളവ് ലഭിക്കുമെന്ന ഉറപ്പിലായിരുന്നു തൈ വാങ്ങിയത്. എന്നാൽ പന്ത്രണ്ടാം വർഷത്തിലാണ് മരങ്ങൾ ആദ്യമായി കായ്ച്ചത്. അതും ആകെ രണ്ടെണ്ണം മാത്രം. പിന്നീട് രണ്ടുവർഷം വിളവൊന്നും ലഭിച്ചില്ല. പതിനഞ്ചാം വർഷത്തിൽ വീണ്ടും ഒരു ജാതിക്ക മാത്രം ലഭിച്ചു.


സർക്കാർ സംവിധാനങ്ങളിലൂടെയുള്ള തൈ വിതരണത്തെയും കുറിച്ച് സമാന പരാതികളുണ്ട്. 2014-ൽ കൃഷിഭവൻ വഴി ഗുണഭോക്തൃ വിഹിതമായി 250 അടച്ച് തെങ്ങിൻതൈകൾ വാങ്ങിയ ഒരു കർഷകന് രണ്ടര മുതൽ മൂന്ന് വർഷത്തിനകം കായ്ക്കുമെന്നായിരുന്നു വിശദീകരണം. എന്നാൽ ഏകദേശം 10 വർഷങ്ങൾക്ക് ശേഷം ആണ്  ഒരു പൂങ്കുല വന്നത്. അതിലും പ്രതീക്ഷിച്ച ഇനം ലഭിക്കാത്തതും വ്യത്യസ്ത ഇനങ്ങൾ കലർന്നതുമാണ് കർഷകന്റെ പരാതി.

ഇവ ഏതാനും ഉദാഹരണങ്ങൾ മാത്രമാണെന്ന് കർഷകർ പറയുന്നു. കുരുമുളക് തൈ, കശുമാവ്, ജാതി, മാവ്, തെങ്ങ്, കവുങ്ങ് തുടങ്ങി വിവിധ വിളകളുടെ നടീൽ വസ്തുക്കളുമായി ബന്ധപ്പെട്ട് സമാന അനുഭവങ്ങൾ നൂറുകണക്കിന് കർഷകർക്ക് പറയാനുണ്ട്. ഒരു ഇനം വാങ്ങി മറ്റൊരു ഇനം ലഭിക്കുക, പറഞ്ഞ കാലയളവിൽ കായ്ക്കാതിരിക്കുക, ഉൽപാദനക്ഷമത വളരെ കുറവായിരിക്കുക, ഗുണമേന്മയില്ലാത്ത തൈകൾ ലഭിക്കുക തുടങ്ങിയ പരാതികളാണ് വ്യാപകമായി ഉയരുന്നത്.

കർഷകർ ചൂണ്ടിക്കാട്ടുന്നത്, നഷ്ടമാകുന്നത് ഒരു തൈയുടെ വില മാത്രമല്ല എന്നതാണ്. വർഷങ്ങളോളം വളം, ജൈവവളം, രാസവളം, മരുന്ന്, ജലസേചനം, കളനീക്കം, തൊഴിലാളികളുടെ കൂലി എന്നിവയ്ക്കായി വലിയ തുക ചെലവഴിക്കുന്നു. പലപ്പോഴും പത്ത് മുതൽ പതിനഞ്ച് വർഷം വരെ കാത്തിരുന്ന ശേഷമാണ് തൈ തെറ്റായ ഇനമാണെന്നോ ഗുണമേന്മയില്ലാത്തതാണെന്നോ മനസ്സിലാകുന്നത്. അപ്പോഴേക്കും ആ മരങ്ങൾ വെട്ടിമാറ്റി വീണ്ടും കൃഷി ആരംഭിക്കേണ്ട സാഹചര്യമാണുണ്ടാകുന്നത്.

ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും നടീൽ വസ്തുക്കളുടെ ഇനശുദ്ധിയും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പാക്കാൻ സംസ്ഥാനത്ത് ശക്തമായ നിരീക്ഷണ സംവിധാനമില്ലെന്നതാണ് കർഷകരുടെ പ്രധാന പരാതി. സ്വകാര്യ നേഴ്സറികൾ മാത്രമല്ല, സർക്കാർ ഏജൻസികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും തൈ വിതരണവും കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൃഷി വികസന പദ്ധതികൾ നടപ്പാക്കുന്ന കൃഷിവകുപ്പ്, കർഷകന്റെ കൃഷിയുടെ അടിത്തറയായ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഫലപ്രദമായ സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. തെറ്റായ തൈ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന സംവിധാനവും സർക്കാർ ഒരുക്കണമെന്നാണ് അവരുടെ ആവശ്യം.



Post a Comment

0 Comments