ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

 



ഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആരോപണങ്ങൾ ശരിയെങ്കിൽ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം.

വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിചാർജിനെതിരായ ഹരജികൾ സുപ്രിംകോടതി പരിഗണിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാർഥികൾക്ക് അവകാശമുണ്ടന്നു കേസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാത്തിച്ചാർജ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിന്‍റെ മൗനം തുടരുകയാണ്.

ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ സിജെപി ശേഖരിക്കുകയാണ്. പൊലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ലാത്തിയുമായി മർദിക്കാനെത്തിയതായാണ് വിവരം. നെയിം ബോർഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാർഥികളെ മർദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മർദിക്കാൻ എത്തിയവരെയും കണ്ടെത്താൻ സിജെപി ശ്രമിക്കുന്നുണ്ട്.

പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് തവണ പ്രതിഷേധക്കാർക്ക് നേരെയും രണ്ട് തവണ നിലത്തേക്കും വെടിയുതിർക്കുകയുണ്ടായി. കൊണോട്ട് പ്ലേസിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തിയത്. ഈ ആക്രമണങ്ങളിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥനെതിരെ സിആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

1 Comments

  1. Take an action against without uniform numbers

    ReplyDelete