ഇറാൻ ആക്രമണം: കുവൈത്ത്​ വിമാനത്താവളത്തിൽ നിയന്ത്രണം

 




കുവൈത്ത്​ സിറ്റി: ഇറാൻ ആക്രമണത്തിന്‍റെ പശ്​ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇറാന്റെ ആക്രമണത്തെ തുടർന്നുണ്ടായ സുരക്ഷാ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്​. ഇതേ തുടർന്ന് മിക്ക വിമാന സർവീസുകളുടെയും സമയക്രമം പുനഃക്രമീകരിച്ചു.

യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് കുവൈത്ത് എയർവേയ്സ് അഭ്യർഥിച്ചു. ബുക്കിംഗിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് ഉൾപ്പെടെ യാത്രാ അറിയിപ്പുകൾ അയയ്ക്കുമെന്നും എയർവേയ്സ് അറിയിച്ചു.

അതേസമയം കുവൈത്തിന്​ നേരെ തുടർച്ചയായി ഏഴാം ദിവസമാണ് ഇറാൻ ആക്രമണം നടത്തിയത്​. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ചെറുക്കുകയാണെന്ന് കുവൈത്ത്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് പുലർച്ചെയും രാവിലെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം തവണ അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. എല്ലാ പൗരന്മാരും പ്രവാസികളും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിൽ ഇറാൻ നടത്തിയ ആ​ക്രമണത്തിൽ ജല ശുദ്ധീകരണ- ​വൈദ്യുതി പ്ലാന്‍റിന്​ തകരാർ സംഭവിച്ചിരുന്നു.

Post a Comment

0 Comments