ചേർത്തലയിൽ മദ്യലഹരിയിൽ ഗൃഹനാഥനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ




ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥനായ ജയരാജൻ (58) മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്റെ മകൻ ഹരികൃഷ്ണനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനിടെ മദ്യലഹരിയിലായിരുന്ന മകൻ പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ വീട്ടിൽ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ നടന്ന തർക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് ഹരികൃഷ്ണനും മറ്റ് കുടുംബാംഗങ്ങളും ആദ്യം നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചത്. എന്നാൽ കുഴഞ്ഞുവീണ ജയരാജനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിലുണ്ടായിരുന്നവർ തയ്യാറായിരുന്നില്ല എന്നത് ദുരൂഹത വർധിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം, മാറിത്താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് വീട്ടിലെത്തിയപ്പോഴാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ജയരാജന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടതോടെ ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ചേർത്തല പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ജയരാജന്റെ കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകൾ കണ്ടെത്തുകയും, കഴുത്തു ഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണം കൊലപാതകമാണെന്ന് ഉറപ്പായി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മക്കളെയും വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് യഥാർഥ വിവരങ്ങൾ പുറത്തുവന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഹരികൃഷ്ണനും പിതാവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികളും മൊഴിനൽകി. സംഭവദിവസവും മദ്യലഹരിയിലായിരുന്ന മകൻ പിതാവുമായി തർക്കമുണ്ടാക്കുകയും, തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയായ ഹരികൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, ഇയാളെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. ചേർത്തല പൊലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

0 Comments