തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിൽ പി.എം നിയാസിനെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്ത് പറയണം. നിയാസ് പരസ്യ പ്രതികരണം നടത്തിയതിനോട് തനിക്ക് താൽപര്യം ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ശേഷാദ്രിനാഥൻ സംഘപരിവാറുകാരനാണെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.എം.നിയാസിന്‍റെ വിമർശനം.
കോൺഗ്രസിൽ രണ്ട് ചുമതല നിർവഹിക്കാൻ കഴിയുന്നവർ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ചില ആളുകൾക്ക് രണ്ട് ചുമതല വഹിക്കാൻ കഴിയും. കെ.സി.വേണുഗോപാൽ എം.പിയും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. കെപിസിസി പുനഃസംഘടനയിൽ എഐസിസി വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് തിരുത്തിയാൽ സിപിഎം വിമത എംഎൽഎമാർക്ക് തിരിച്ചുവരാമെന്ന എം.വി ജയരാജന്‍റെ പ്രതികരണത്തിനെതിരെ സണ്ണി ജോസഫ് രംഗത്തെത്തി. തെറ്റുപറ്റിയത് എം.വി ഗോവിന്ദനാണ്. ടി.കെ ഗോവിന്ദൻ ആണോ എം.വി ഗോവിന്ദനാണോ ശരിയെന്ന് ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെതിരെ നിയാസ് രംഗത്ത് വന്നിരുന്നു. ഒട്ടേറെ പ്രവർത്തകരുടെ വിയർപ്പും രക്തവും കൊണ്ടാണ് അധികാരത്തിൽ വന്നത്. നീതിയോടെ പ്രവർത്തിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പരാതി ഉന്നയിച്ചതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ നിയമനത്തിൽ യുഡിഎഫ് വലിയ വില നൽകേണ്ടിവരുമെന്നും നിയാസ് മുന്നറിയിപ്പ് നൽകി. 2029 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റെണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ആ ഡിലിമിറ്റേഷൻ കമ്മിറ്റിയിലെ ഒരംഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറാണ്. ശേഷാദ്രിനാഥന്റെ കഴിവിൽ വിശ്വാസമുണ്ട്. എന്നാൽ, അദ്ദേഹത്തിന് രാഷ്ട്രീയ ചായ്‍വ് ഉണ്ടെന്നും നിയാസ് പറഞ്ഞിരുന്നു.
%20(1).jpg)
0 Comments