ഇന്ത്യയുടെ ഇവിഎം ഇനി ഇൻഡൊനീഷ്യയിലേക്ക്; മോദിയുടെ സന്ദർശനത്തോടെ സൗഹൃദം പുതിയ തലത്തിലേക്ക്

 




ജക്കാർത്ത: പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ പ്രത്യേക ക്ഷണപ്രകാരം ഇൻഡൊനീഷ്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സാമ്പത്തിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന തീരുമാനങ്ങളാണ് സന്ദർശനത്തിലുണ്ടാകുകയെന്നാണ് സൂചനകൾ. ജൂലായ് ആറുമുതൽ എട്ടുവരെയാണ് സന്ദർശനം. 

ഇൻഡൊനീഷ്യയിൽ ഇ.വി.എം. മെഷിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകുമെന്ന പ്രഖ്യാപനമാണ് ഇതിൽ സുപ്രധാനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ള വലിയൊരു അംഗീകാരമായിട്ടാണ് ഇൻഡോനേഷ്യയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) നൽകാനുള്ള ഇന്ത്യയുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡോനേഷ്യൻ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച പ്രധാന സാങ്കേതിക-നയതന്ത്ര കരാറുകളിൽ ഒന്നാണിത്.

ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന അതേ മെഷീനുകൾ നേരിട്ട് നൽകുന്നതിന് പകരം, ഇൻഡോനേഷ്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾക്കും വോട്ടിംഗ് രീതികൾക്കും അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയ ഇൻഡോനേഷ്യൻ പതിപ്പ് ഇവിഎമ്മുകളാണ് ഇന്ത്യ വികസിപ്പിച്ചു നൽകുന്നത്. ഇതിനായുള്ള സാങ്കേതിക പിന്തുണ പൂർണ്ണമായും ഇന്ത്യ നൽകും.

ഇന്ത്യയിൽ ഇവിഎമ്മുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ആകും ഇൻഡോനേഷ്യയ്ക്ക് വേണ്ടിയുള്ള പ്രത്യേക വോട്ടിംഗ് യന്ത്രങ്ങളുടെ നിർമ്മാണത്തിനും രൂപകൽപ്പനയ്ക്കും പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 20 കോടിയിലധികം വോട്ടർമാരുള്ള ഇൻഡോനീഷ്യയിലെ വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുഗമമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ രംഗത്തും ഇരുരാജ്യങ്ങളും തമ്മിൽ വലിയ കരാറുകളിലാണ് ഏർപ്പെടുന്നത്. 'ഓപ്പറേഷൻ സിന്ദൂർ' വഴി കരുത്ത് തെളിയിച്ച ഇന്ത്യയുടെ അസ്ത്ര മിസൈലുകൾ ഇറക്കുമതി ചെയ്യാൻ ഇൻഡൊനീഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, നേരത്തേ ഇന്ത്യയിൽനിന്ന് വാങ്ങാനായി തീരുമാനിച്ച ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ മിസൈൽ ബാറ്ററികൾ ഇന്ത്യ ഇൻഡൊനീഷ്യക്ക് കൈമാറും.

തന്ത്രപ്രധാനമായ ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇൻഡൊനീഷ്യയിൽ സ്റ്റീൽ, നിക്കൽ, അപൂർവ ഭൂമി കാന്തങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യ നിക്ഷേപം നടത്തും. സമുദ്ര സുരക്ഷാ രംഗത്തും നിർണായക നീക്കങ്ങളാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. മലാക്ക കടലിടുക്കിന് അഭിമുഖമായി സ്ഥിതിചെയ്യുന്നതും ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ പോർട്ട് പ്രൊജക്ടിൽനിന്ന് വെറും 100 മൈൽ മാത്രം അകലെയുള്ളതുമായ സബാംഗ് തുറമുഖം ഇന്ത്യയും ഇൻഡൊനീഷ്യയും സംയുക്തമായി വികസിപ്പിക്കും.

Post a Comment

0 Comments