സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കാസർഗോഡ് മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ 7 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കാസർഗോഡ് ചെറുവത്തൂരിൽ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിച്ചു. ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽ പെടുകയായിരുന്നു. ചീമേനി, നടക്കാവ് എന്നിവിടങ്ങളിലെ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ പുറത്തെടുത്തത്. കരിവെള്ളൂർ സ്വദേശികളായ അശോകൻ, വിജേഷ്, മാണിയാട്ട് സ്വദേശി അശോകൻ എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments