തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിൽ നിലനിന്നിരുന്ന പരസ്യമായ ഭിന്നത സമവായത്തിലേക്ക്. കെപിസിസി നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിന് പിന്നാലെയാണ് ഇരുവിഭാഗവും അനുനയത്തിന്റെ പാതയിലെത്തിയത്. തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്നോ നാളെയോ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.
സർക്കാർ പ്ലീഡർ നിയമന വിഷയത്തിൽ കെഎസ്‌യുവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്പോര് കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര ഭിന്നതയായി വളർന്നതോടെയാണ് കെപിസിസി നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് അലോഷ്യസ് സേവ്യർ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് വീണ്ടും കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്താമെന്ന മറുപടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചത്. തർക്ക വിഷയങ്ങളിൽ കെഎസ്‌യു ഉന്നയിക്കുന്ന ആശങ്കകളും വിയോജിപ്പുകളും സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.
യുഡിഎഫ് സർക്കാർ അടുത്തിടെ നടത്തിയ സർക്കാർ പ്ലീഡർമാരുടെ നിയമന ലിസ്റ്റിൽ എസ്എഫ്ഐ - ആർഎസ്എസ് പശ്ചാത്തലമുള്ളവരും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്എഫ്ഐ പ്രവർത്തകരായിരുന്നവരും, ആർഎസ്എസ് ബന്ധമുള്ള അഭിഭാഷകരും പ്ലീഡർമാരായി നിയമിക്കപ്പെട്ടതിനെതിരെ തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണ് ആദ്യം രംഗത്തുവന്നത്. കഴിഞ്ഞ പത്ത് വർഷമായി തെരുവുകളിൽ യുഡിഎഫിനായി പോരാടിയ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തിയത് എന്നായിരുന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ പ്രധാന വിമർശനം.
ജൂലൈ 15ന് നടന്ന വാർത്താസമ്മേളനത്തിൽ കെഎസ്‌യുവിന്റെ എതിർപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ മറുപടിയാണ് തർക്കം രൂക്ഷമാക്കിയത്. 'തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ ഇവിടെ സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത്? ഈ നിയമനത്തിൽ കെഎസ്‌യുവിന് യാതൊരു കാര്യവുമില്ല, യോഗ്യതയുടെയും എജിയുടെ നിലപാടിന്റെയും അടിസ്ഥാനത്തിലാണ് നിയമനം,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഈ പരാമർശം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായി. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി അലോഷ്യസ് സേവ്യർ രംഗത്തെത്തി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്തതെന്നും, തെറ്റ് ചൂണ്ടിക്കാണിക്കുന്നത് 'തെറ്റായി' സർക്കാർ കരുതുന്നുവെങ്കിൽ ആ തെറ്റ് ആവർത്തിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും അലോഷ്യസ് തുറന്നടിച്ചു. യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനല്ല, മറിച്ച് പ്രവർത്തകരുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല എന്ന തരത്തിൽ വാർത്തകൾ വന്നത് സംഘടനയ്ക്കുള്ളിൽ വലിയ അതൃപ്തി സൃഷ്ടിച്ചിരുന്നു. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളും കോൺഗ്രസിന്റെ അനൗദ്യോഗിക അഭിഭാഷക സംഘടനയായ ലായേഴ്സ് കോൺഗ്രസും വിഷയത്തിൽ പ്രതികരണങ്ങളുമായി എത്തിയതോടെയാണ് പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കെപിസിസി നേതൃത്വം മുൻകൈ എടുത്തത്. മുഖ്യമന്ത്രിയും കെഎസ്‌യു അധ്യക്ഷനും തമ്മിൽ നടക്കുന്ന നിർണായക കൂടിക്കാഴ്ചയോടെ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണങ്ങൾക്കും വിവാദങ്ങൾക്കും പൂർണമായ വിരാമമാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

0 Comments