രാജൻ കേസിൽ സാക്ഷി പറഞ്ഞ ഏക വ്യക്തി; പ്രൊഫ. കെ. കെ അബ്ദുൽ ഗഫാർ അന്തരിച്ചു

 



ദുബൈ: അടിയന്തരാവസ്ഥ കാലത്തെ നോവായി മാറിയ രാജൻ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫ. കെ.കെ അബ്ദുൽ ഗഫാർ അന്തരിച്ചു. രാജന് വേണ്ടി കക്കയം ക്യാമ്പിലും കോടതിയിലും സാക്ഷി പറഞ്ഞു. രാജനെ അവസാനമായി കണ്ടവരിൽ ഒരാളായിരുന്നു പ്രൊഫ. ഗഫാർ. ഞാൻ സാക്ഷി എന്ന ഗഫാറിന്റെ ആത്മകഥയും ഇത് വ്യക്തമാക്കുന്നതാണ്. അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന രാജന്റെ അധ്യാപകൻ കൂടിയായിരുന്നു പ്രൊഫ. ഗഫാർ.


യു.എ.ഇയിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ സീനിയർ ഡയറക്ടറും കമ്മീഷനിങ് ലീഡുമായി പ്രവർത്തിച്ചിരുന്നു. നേരത്തേ, ഗശഫ് മെഡിക്കൽ കോളജ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനത്തെ ഗൾഫ് മേഖലയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ പ്രഫ. ഗഫാർ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലും ഗൾഫിലും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകളും ഗഫാർ നൽകിയിട്ടുണ്ട്.


തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഗഫാർ, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ്, കോഴിക്കോട് ആർ.ഇ.സി (ഇപ്പോൾ എൻ.ഐ.ടി) എന്നിവിടങ്ങളിൽ ജോലി ചെയ്തു. കർണാടകയിലെ ഭട്കൽ അൻജുമാൻ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. തുടർന്നാണ് യു.എ.ഇയിലെത്തിയതും ആദ്യ സ്വകാര്യ മെഡിക്കൽ കോളജിന്‍റെ സ്ഥാപനത്തിൽ നിർണായക പങ്ക് വഹിച്ചതും. സൗദി അരാംകോ ടെക്നിക്കൽ സർവിസ് കമ്പനിയിൽ കൺസൾട്ടന്‍റ് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപകൻ, അക്കാദമിക് ലീഡർ, ടെക്നോ എജുക്കേഷനലിസ്റ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പ്രഫ. ഗഫാർ, ‘ഞാൻ സാക്ഷി’ എന്ന ശ്രദ്ധേയ ആത്മകഥയും പ്രസിദ്ധീകരിച്ചിരുന്നു. ജമീല ഷംനാദ് ആണ് ഭാര്യ. ഡോ. ഷാജിർ, ഡോ. ഫരീദ, ഡോ. ജമാലുന്നിസ, ഷഹ്നാസ് എന്നിവരാണ് മക്കൾ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷം കാസർകോട് ചൗക്കി കുന്നിൽ റിഫായ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments