തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആസൂത്രണ ബോർഡിലെ ചീഫ് ഇൻസ്ട്രക്ടർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിൽ ഒടുവിൽ നിലപാട് മയക്കി പിഎസ്‌സി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട സുപ്രധാന രേഖകളെല്ലാം ജൂലൈ 17 ഇന്നലെ വൈകിട്ടോടെ പിഎസ്‌സി കൈമാറി. പരീക്ഷയുടെ ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ നിർണ്ണായക ഫയലുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ കടുത്ത ഒളിച്ചുകളി നടത്തിയിരുന്ന പിഎസ്‌സി നേതൃത്വം, കനത്ത നിയമസമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇപ്പോൾ രേഖകൾ കൈമാറാൻ തയ്യാറായത്. പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് അധികൃതർ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇടത് സംഘടനാ നേതാവിന് തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചുകൂടി ചെയ്തതോടെയാണ് നിയമനം വൻ അഴിമതിയാണെന്ന ആരോപണം ശക്തമായത്. ഇതോടെ പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയും പരക്കെ പരാതികൾ ഉയരുകയും ചെയ്തു. തുടർന്ന്, നിയമനവുമായി ബന്ധപ്പെട്ട് മൂടിവെച്ച എല്ലാ രേഖകളും 7 ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് നൽകാൻ ഈ മാസം 6-ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ ‘ഉദ്യോഗാർത്ഥികളുടെ വിശ്വാസം കാത്തുസൂക്ഷിക്കും’ എന്ന് കാട്ടി പിഎസ്‌സി കമ്മീഷൻ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും അണിയറയിൽ രേഖകൾ നൽകാതിരിക്കാനുള്ള കടുത്ത ശ്രമങ്ങളാണ് നടന്നത്. പരാതിക്കാരനായ ഉദ്യോഗാർത്ഥി വിവരങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ, തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ കൈമാറാൻ നിർവ്വാഹമില്ല എന്ന മറുപടിയാണ് പിഎസ്‌സി നൽകിയത്. എന്ന് മാത്രമല്ല, രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ പോകാനും പിഎസ്‌സി തീരുമാനിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുകയും രേഖകൾ ഹാജരാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് ഒടുവിൽ പിഎസ്‌സിക്ക് രേഖകൾ വിട്ടുകൊടുക്കേണ്ടി വന്നത്.
%20(1).jpg)
0 Comments