'സമയം പാഴാക്കാനില്ല'; ഡൽഹിയിലെ ലാത്തി ചാർജിന്റെ വീഡിയോ കാണിക്കാൻ ശ്രമിച്ച അഭിഭാഷകനോട് സുപ്രിംകോടതി

 


ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരത്തിന് എതിരായ ലാത്തി ചാർജിനെതിരായ ഹരജിയിൽ ഇടപെടാതെ സുപ്രിംകോടതി. സമയം പാഴാക്കാനില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. പൊലീസ് നടപടിയുടെ വീഡിയോ കോടതിയെ കാണിക്കാൻ അഭിഭാഷകൻ ശ്രമിച്ചപ്പോഴായിരുന്നു കാണാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

സിജെപി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ നിയന്ത്രണം കടുപ്പിച്ചു. 16 മെട്രോ സ്‌റ്റേഷനുകളും അടച്ചു. എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ പൂർണമായി അടച്ചതോടെ യാത്രക്കാർ മെട്രോ സ്‌റ്റേഷനിൽ കുടുങ്ങി. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഗേറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഡൽഹി മെട്രോ അധികൃതർ.

അതിനിടെ സിജെപിയുമായി രണ്ടാംഘട്ട ചർച്ച നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മന്ത്രി ജെ.പി നഡ്ഡയാണ് സർക്കാർ പ്രതിനിധിയായി സമരക്കാരുമായി ചർച്ച നടത്തുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സിജെപി സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായത്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെക്കുന്നത്. ഇതിൽ കോടതി നിർദേശത്തെ തുടർന്ന് വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റു ആവശ്യങ്ങളിൽ കേന്ദ്ര നിലപാട് വ്യക്തമാക്കിയിട്ടില്ല.

Post a Comment

1 Comments