അത്‌ലാന്റ: അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് പ്രീക്വാർട്ടറിൽ. പിറകിൽ നിന്ന ശേഷമാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കിയത്. ഇരട്ട ഗോൾ നേടിയ ഹാരി കെയ്‌നാണ്(75,86) ഇംഗ്ലണ്ടിന്റെ രക്ഷകനായത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയിലൂടെ കോംഗോയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ കോംഗോയുടെ ലീഡിലാണ് കളി അവസാനിച്ചത്.
തുടക്കം മുതൽ ത്രീലയണൽസിനെ വിറപ്പിച്ച കോംഗോ തുടരെ എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. ഏഴാം മിനിറ്റിൽ ആദ്യ പ്രഹരമേൽപ്പിച്ചു.ഇടതു വിങിലൂടെ ബോക്‌സിലേക്ക് കുതിച്ചെത്തിയ സിംപെംഗ ഇംഗ്ലീഷ് ഗോൾകീപ്പർ പിക്‌ഫോർഡിനെ നിരായുധനാക്കി പന്ത് വലയിലെത്തിച്ചു. 35ാം മിനിറ്റിൽ വലതുവിങിൽ നിന്ന് ബോക്‌സിലേക്ക് കടന്നുകയറി നോനി മദുവെക്കെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മാർക്കസ് റാഷ്‌ഫോഡിന്റെ ഷോട്ട് വാൻ ബിസേക്ക ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ തുടരെ ഇംഗ്ലീഷ് താരങ്ങൾ അക്രമിച്ചെത്തിയെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളുമായി രക്ഷക്കെത്തി. രണ്ടാം പകുതിയിലും ഇംഗ്ലീഷ് ആക്രണത്തോടെയാണ് കളി തുടങ്ങിയത്. എന്നാൽ ഗോൾകീപ്പർ വീണ്ടും വില്ലനായി. ഒടുവിൽ 75ാം മിനിറ്റിൽ ഹാരി കെയ്ൻ ഗോൾ മടക്കി.
ഇടതുവിങിൽ നിന്ന് ആന്റണി ഗോർഡൻ നൽകിയ ക്രോസ് കൃത്യതയാർന്ന ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ വലയിലേക്ക് എത്തിച്ചു. 86ാം മിനിറ്റിൽ വിജയമുറപ്പിച്ച ഗോളുമെത്തി. ഗോർഡനിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ കെയ്ൻ വലയുടെ മുകളിലേക്ക് പായിച്ച റോക്കറ്റ് ഷോട്ട് കോംഗോ ഗോൾകീപ്പറെ മറികടന്ന വലയിൽ വിശ്രമിച്ചു. മത്സരത്തിലുടനീളം ലോക ചാമ്പ്യൻമാരെ വിറപ്പിക്കുന്ന പ്രകടനമാണ് കോംഗോ പുറത്തെടുത്തത്

0 Comments