വാട്സ്ആപ്പ് യൂസർനെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു; തൽക്കാലം ഇന്ത്യയിൽ നടപ്പിലാക്കില്ലെന്ന് ഉറപ്പ്





ന്യൂഡൽ​ഹി: വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളിൽ മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്.

ഫോൺ നമ്പർ കൈമാറാതെ തന്നെ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് വാട്സ്ആപ്പിന്റെ ഈ പുതിയ യൂസർനെയിം ഫീച്ചർ. എന്നാൽ ഈ ഫീച്ചർ തട്ടിപ്പുകൾ, ഫിഷിങ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വാട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു. സർക്കാർ തൃപ്തരാകുന്നത് വരെ ഫീച്ചർ നിർത്തിവെക്കാനായിരുന്നു നിർദേശം.

ഫോൺ നമ്പർ സുരക്ഷിതമാക്കാൻ ഈ സംവിധാനം സഹായിക്കുമെങ്കിലും പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ വഴിവെക്കുമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ ഈ തട്ടിപ്പുകളെ നേരിടാൻ ശക്തമായ സംവിധാനം ഉണ്ടെന്നാണ് മെറ്റയുടെ വാദം. പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ പേരുകൾ മറ്റാർക്കും ലഭിക്കാത്ത രീതിയിൽ മാറ്റിവെക്കുമെന്നും മെറ്റ അറിയിച്ചു. വാട്സ്ആപ്പിന് പുറമെ ഇത്തരത്തിൽ യൂസർനെയിം ഫീച്ചറുള്ള ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments